പ്രായത്തിന്റെ പക്വതയില്ലയ്മയിലാണ് ആ കരച്ചിലിന്റെ ഉറവിടം... ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള നവ്യയുടെ ഒരു വീഡിയോ വൈറലാവുകയാണ്
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസില്‍ ഇടംപിടിച്ച നവ്യ മികച്ച നര്‍ത്തകിയുമാണ്. 'നന്ദനം' എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറില്‍ വഴിത്തിരിവായത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'ഇഷ്ടം' എന്ന സിനിമയില്‍ അഭിനയിക്കുന്നത്.
ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപ്പട്ടം നേടിയിട്ടുണ്ട്. 2010 ജനുവരി 21ന് മുംബൈയില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്‍ മേനോനുമായി നവ്യ വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവും താരം നടത്തി.
ഇപ്പോഴിതാ താന്‍ കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള നവ്യയുടെ ഒരു വീഡിയോ വൈറലാവുകയാണ്. ഇവിടെ ഇരിക്കുന്ന പലരും തന്നെ ഒരുപക്ഷേ അറിയുന്നത് ഒരു വൈറല്‍ വീഡിയോയിലൂടെയായിരിക്കും എന്ന് പറഞ്ഞാണ് നവ്യ പ്രസംഗം തുടങ്ങിയത്. 2001ലെ സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകം നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ നവ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുന്ന ഒരു വീഡിയോയാണത്.
'പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നില്‍ക്കുന്നതിനിടെ മോണോ ആക്ടില്‍ ബി ഗ്രേഡ് മാത്രം കിട്ടിയതാണു കലാതിലകപ്പട്ടം കൈവിട്ടതിനെക്കാള്‍ അന്നു സങ്കടപ്പെടുത്തിയത്. ആ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് മാധ്യമങ്ങള്‍ എന്റെയടുത്തേക്ക് വന്നത്. ആ പതിനഞ്ച് വയസ്സുള്ള ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അറിയാതെ ചില കുറ്റപ്പെടുത്തലുകളും നടത്തി.
നടി അമ്പിളി ദേവിയാണ് ആ വര്‍ഷം കലാതിലകമായത്. ആ പ്രായത്തിന്റെ പക്വതയില്ലയ്മയിലാണ് ആ കരച്ചിലിന്റെ ഉറവിടം എന്ന് നവ്യ പറഞ്ഞു. അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്റെ കണ്ണു നിറയാന്‍ പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തില്‍ മത്സരത്തില്‍ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാന്‍ വിളിച്ചു പറയുകയും ചെയ്തു. സത്യത്തില്‍ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാന്‍ അന്ന് അങ്ങനെ പെരുമാറിയത്' നവ്യ പറഞ്ഞു.
സിബിഎസ്ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്. അന്ന് ജയിച്ച അമ്പിളി ജീവിതത്തില്‍ അടുത്ത സുഹൃത്തായെന്നും വിവാഹത്തിന് അമ്പിളിയുടെ അമ്മ തനിക്കായി ക്ഷേത്രത്തില്‍ വഴിപാട് നടത്തിയെന്നും നവ്യ പറഞ്ഞു. വൈറല്‍ ആയ വീഡിയോ ഡിലീറ്റ് ആക്കാന്‍ താന്‍ പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ല എന്നും നവ്യാ നായര്‍ പ്രസംഗത്തില്‍ പറഞ്ഞു. അന്ന് ലഭിച്ച ബി ഗ്രേഡ് ആണ് തന്നെ ഇന്നത്തെ നവ്യ ആക്കി തീര്‍ത്തത്, അത് കൊണ്ട് ഇവിടത്തെ വിജയവും പരാജയവും ഒന്നും ഫൈനല്‍ അല്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha