അന്ന് ആ സിനിമ സംവിധാനം ചെയ്തത് ജയറാം പാര്‍വതി പരിണയത്തിനു വേണ്ടിയായിരുന്നു; ജയാറാം എന്നോട് പറഞ്ഞു...

ജയറാമിന്റെ വിവാഹത്തിന് ഒരു നിമിത്തമായി മാറിയത് ഓര്‍ക്കുകയാണ് ബാലചന്ദ്ര മേനോന്‍. ജയറാമിന്റെ മകന്‍ കാളിദാസനെ അനുഗ്രഹിക്കാനെത്തിയിരുന്നു. ജയറാമിനെയും കാളിദാസനെയും ബാലചന്ദ്രമേനോന്‍ കാണാനിടയാതിനെത്തുടര്‍ന്നാണ് തന്റെ പഴയ ഓര്‍മ്മകള്‍ പങ്കുവച്ചത്.
ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇന്നൊരു നല്ല ദിവസമായി തോന്നിയ കഴിഞ്ഞു പോയ ഓരോ നിമിഷവും ആ നിമിഷത്തിനു കാരണക്കാരായവരെയും മനസ്സില്‍ ഇപ്പോഴും ഓര്‍ത്ത് വെയ്ക്കുന്ന ഒരാളായതുകൊണ്ടു ഈ ദിവസത്തെപ്പറ്റി എന്റെ ഫെയ്‌സ്ബുക്ക് മിത്രങ്ങളുമായി പങ്കിടാന്‍ എത്രയും അഭിമാനവുമുണ്ട്
ഇനി വിഷയത്തിലേക്കു വരാം.
കൊച്ചിയില്‍ ഉള്ളപ്പോള്‍ മിക്ക ദിവസങ്ങളിലും ഒന്ന് രണ്ടു മണിക്കൂര്‍ ഞാന്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ലോഞ്ചില്‍ ഉണ്ടാവും. അവിടുത്തെ ആള്‍ക്കാരുടെ പെരുമാറ്റവും കാപ്പിയുടെ കടുപ്പവും ഒരേപോലെ ഹൃദ്യമാണ്. ഇന്ന് രാവിലെ കാപ്പിയുടെ ചൂട് നുണഞ്ഞു ഞാന്‍ പത്രത്തിലെ തലക്കെട്ടുകള്‍ പരതുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് എന്ന് പറയാം ഒരു അച്ഛനും മകനും എന്നെ കണ്ട് എന്റെ അരികില്‍ വന്നു നിന്നു ജയറാമും മകന്‍ കാളിദാസനും..
സംഗതി ചുരുക്കി പറയാം. കാളിദാസന്‍ അഭിനയിച്ച ആദ്യ തമിഴ് ചിത്രം 'മീന്‍ കൊഴമ്പും മണ്‍ പാനയും ' ( മലയാളത്തില്‍ പറഞ്ഞാല്‍ 'മീന്‍കറിയും മണ്‍ചട്ടിയും ' എന്നാവാം എന്നുകരുതുന്നു ) വരുന്ന പതിനൊന്നാം തീയതി റിലീസാവുകയാണ്. അതിന്റെ പ്രമോഷനായുളള ഒരു ഫോട്ടോഷൂട്ടിന് വന്നതാണ് അച്ഛനും മകനും.
ഞാന്‍ പറഞ്ഞു 'നല്ല കാര്യം ഇന്ന് ഞാന്‍ ഈ നേരം ഇവിടെ എത്തിച്ചേര്‍ന്നത് തന്നെ നിന്നെ അനുഗ്രഹിക്കാനുള്ള യോഗം ഉള്ളത് കൊണ്ടാ'എന്റെ വീട് അപ്പുന്റെയും' എന്ന ചിത്രത്തിലെ കുട്ടിയായുള്ള കാളിദാസന്റെ പ്രകടനം ഞാന്‍ നന്നേ ഇഷ്ട്ടപ്പെട്ട കാര്യവും ഓര്‍മ്മിപ്പിച്ചു.
ആശംസ സ്വീകരിച്ചു. അവര്‍ നടന്നു മറഞ്ഞതും ഞാന്‍ ഒറ്റക്കായി. ഞാന്‍ ഒറ്റക്കാകാന്‍ കാത്തു നിന്നതുപോലെ കുറെ പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് തിര തല്ലി വന്നു. കേട്ടുകൊള്ളൂ .
'വിവാഹിതരെ ഇതിലെ' എന്ന എന്റെ ചിത്രമാണ് പാര്‍വതിയായി പിന്നീട് മാറിയ അശ്വതിക്കുറുപ്പിന്റെ ആദ്യ ചിത്രം. ഒരു പുതുമുഖ നായിക വേണമെന്നു ഞാന്‍ തീരുമാനിച്ചു. പലവഴിയില്‍ അന്വേഷണം ആരംഭിച്ച നേരം. അങ്ങനെയിരിക്കുമ്പോള്‍ കവിയൂര്‍ക്കാരിയായ ഒരു ടീച്ചറിന്റെ മകള്‍ അശ്വതിക്കുറുപ്പിന് വേണ്ടി ആരോ ശുപാര്‍ശ ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ എനിക്ക് 'ശുഭസ്യ ശീഘ്രം' എന്നൊരു സ്വഭാവമുണ്ട്. ഉടനെ കുട്ടിയെ കാണാമെന്നായി ഞാന്‍. അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. അന്നുച്ചക്കുള്ള ട്രെയിനില്‍ ഞാന്‍ മദ്രാസിനു പോകുന്നുണ്ട്.
എന്നാല്‍ പിന്നെ രണ്ടു പേരുടെയും സൗകര്യം നോക്കി ട്രെയിന്‍ എത്തുമ്പോള്‍ തിരുവല്ല സ്‌റ്റേഷനില്‍ വന്നാല്‍ അവിടെ പ്ലാറ്റ്‌ഫോമില്‍ വെച്ച് കാണാമെന്നായി. അങ്ങിനെ ഞാന്‍ പാര്‍വതിയെ ജീവിതത്തില്‍ ആദ്യമായി ഏതാനും മിനുട്ടുകള്‍ കാണുന്നത് തിരുവല്ല സ്‌റ്റേഷനില്‍ വെച്ചാണ്. പാവാടക്കാരിയായ പാര്‍വതി ഒരു സിനിമാതാരത്തെ കാണുന്നതുപോലെ എന്നെ നോക്കി നിന്നതു ഇന്നലത്തെപ്പോലെ എന്നാല്‍ കുട്ടി അല്‍പ്പം കൂടി വലുതാകട്ടെ എന്ന് പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ പിരിഞ്ഞു.. (പിന്നുള്ള കാര്യങ്ങള്‍ എന്റെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്).
ഊട്ടിയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ് ശ്രമകരമായ ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഞാന്‍ പാര്‍വതിയുടെ അരികില്‍ ചെന്ന് 'ബെസ്റ്റ് ഓഫ് ലക്' പറഞ്ഞത് ഓര്‍ക്കുന്നു.

ഏറ്റവും അവസാനമായി പാര്‍വതി അഭിനയിക്കുന്ന എന്റെ ചിത്രം 'കുറുപ്പിന്റെ കണക്കു പുസ്തക 'മായിരുന്നു. അന്ന് പാര്‍വതിയുടെയും ജയറാമിന്റെയും ഡേറ്റുകള്‍ പൊടുന്നനെ കിട്ടിയില്ലായിരുന്നുവെങ്കില്‍ ആ സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. പക്ഷെ ഒന്ന് കൂടി സൂചിപ്പിക്കട്ടെ. ഇന്ന് ഞാന്‍ ക്രൗണില്‍ കാത്തിരുന്നത് കാളിദാസനെ അനുഗ്രഹിക്കാനാണെന്നു പറഞ്ഞതുപോലെ ഞാന്‍ അന്ന് ആ സിനിമ സംവിധാനം ചെയ്തത് ജയറാം പാര്‍വതി പരിണയത്തിനു വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു.

ഷൂട്ടിങ് പൂര്‍ത്തിയായ ദിവസം തിരുവല്ല ഹോട്ടല്‍ എലൈറ്റില്‍ വെച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. അതിനിടയില്‍ ജയറാം എന്നെ കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തി പറഞ്ഞു: ' സര്‍, എനിക്കൊരു സന്തോഷ വര്‍ത്തമാനമുണ്ട് ഞാന്‍ പാര്‍വതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു' ആ നല്ല വാര്‍ത്തയ്ക്കു കൈ പിടിച്ചു കുലുക്കി ഞാന്‍ 'ബെസ്റ്റ് ഓഫ് ലക് ' പറഞ്ഞു.

ഇന്ന് ജയറാം വന്ന് മകന്റെ അരങ്ങേറ്റത്തെ പറ്റി പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി കാളിദാസനോടും ഞാന്‍ പറഞ്ഞു: 'ബെസ്റ്റ് ഓഫ് ലക്..' അത് കൊണ്ടാണ് ഞാന്‍ ഈ ദിവസത്തിനു ചരിത്ര പ്രാധാന്യമുണ്ട് എന്ന് പറഞ്ഞത് . ആ ചരിത്രപ്രാധാന്യത്തിനു സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്തോഷം..
https://www.facebook.com/Malayalivartha























