ഹിന്ദു ഉണരാന്‍ ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന മറുചോദ്യത്തോടെ കലാപാഹ്വാനത്തെ ന്യായീകരിച്ച് മേജര്‍ രവി വീണ്ടും...

ഹിന്ദു ഉണരാന്‍ ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന മറുചോദ്യത്തോടെ കലാപാഹ്വാനത്തെ ന്യായീകരിച്ച് സംവിധായകന്‍ മേജര്‍ രവി. താന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് ഇത്ര വിഷയമാക്കാനുള്ളതെന്നും ഞാന്‍ വീട്ടില്‍ ഭാര്യയുമായും മക്കളുമായും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുള്ളതാണെന്നും മേജര്‍ രവി പറഞ്ഞു.
താന്‍ ബിജെപിക്കാരനല്ലെന്നും മാധ്യമങ്ങള്‍ക്ക് തന്നെ അങ്ങനെ ആക്കാന്‍ എന്തോ താല്‍പര്യമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. ഹിന്ദുക്കളെ ഉണരു എന്ന് കവലപ്രസംഗം നടത്തുകയായിരുന്നില്ല താനെന്നും താന്‍ പറഞ്ഞത് കലാപാഹ്വാനമാണെങ്കില്‍ സഖാക്കളെ സംഘടിക്കുവിന്‍ എന്ന് പറഞ്ഞതും യുദ്ധാഹ്വാനമല്ലേ എന്നും മേജര്‍ രവി ചോദിക്കുന്നു.
ആ ഓഡിയോ ക്ലിപ്പില്‍ എന്താണ് ഇത്ര വലിയ വിഷയമാക്കാനുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ വീട്ടില്‍ ഭാര്യയുമായും മക്കളുമായും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുള്ളതാണ്. അവിടെ പലവിധ തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും കടന്നുവന്നിട്ടുണ്ട്. പുറത്ത് വന്ന ശബ്ദശകലത്തില്‍ എന്താണിത്ര വിഷയമാകാനുള്ളത്.
എന്നെ എന്തിനാണ് നിങ്ങള്‍ വിളിക്കുന്നത്. ഞാന്‍ മുന്നിലേക്ക് വരണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള്‍ വേണമെങ്കില്‍ നിങ്ങളായിട്ട് സംസാരിക്കണം. അമ്പലത്തിന്റെ വിഷയം തന്നെ ആണെങ്കില്‍ അവിടെ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും വേണ്ടി സംസാരിക്കാന്‍ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വരില്ലല്ലോ. ഹിന്ദുക്കള്‍ തന്നെ വേണം ആ ഒരു പശ്ചാത്തലത്തിലാണ്, അവകാശം നേടിയെടുക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഉണരണം. അതിന് മേജര്‍ രവി മുന്നില്‍ നില്‍ക്കണ്ട കാര്യമില്ല എന്നു പറഞ്ഞത്.
അതാണ് നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദശകലത്തിന്റെ അര്‍ഥം. അതിന് മുന്‍പ് അവരോട് എന്തൊക്കെ പറഞ്ഞിട്ടുണ്ട്, തര്‍ക്കിച്ചിട്ടുണ്ട്? നിങ്ങള്‍ക്കെന്തെങ്കിലും വേണമെങ്കില്‍ നിങ്ങള്‍ സംസാരിക്കൂ. അപ്പോഴും ഞാന്‍ ചങ്കൂറ്റത്തോടെ തന്നെ നില്‍ക്കുന്നുണ്ടാകും എന്ന് കൂടി ആ ശബ്ദ ശകലത്തിലുണ്ട്. ആ ഭാഗം പക്ഷെ ആരും ഹൈലൈറ്റ് ചെയ്തു കണ്ടില്ല. അതൊന്നും ആരും കണ്ടിട്ടുമില്ല.
56 സമുദായങ്ങളുള്ള ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ അവരുടെ ശബ്ദം ആരും കേള്‍ക്കാന്‍ പോകുന്നില്ലെന്ന് പറയുന്ന മേജര്‍ രവി ജാതി സംവരണം നിര്‍ത്തലാക്കണമെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും ആവശ്യപ്പെടുന്നു. താഴ്ന്ന ജാതിയില്‍ തന്നെ കോടീശ്വരന്മാര്‍ ഉണ്ടല്ലോ എന്ന ന്യായമാണ് മേജര്‍ രവി ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നത്. തനിക്കെതിരെ ഉയര്‍ന്ന് കേള്‍ക്കുന്ന ആരോപണങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും പറയുന്നവര്‍ പറയട്ടെ എന്നാണ് തന്റെ നിലപാടെന്നും രവി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ ഉയരണമെന്നും ഇന്ന് അമ്പലത്തില്‍ കയറിവര്‍ നാളെ നിങ്ങളുടെ വീട്ടിലും കയറുമെന്ന ശബ്ദസന്ദേശം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടത്.
https://www.facebook.com/Malayalivartha


























