ഓട്ടിസവും ലക്ഷണങ്ങളും

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്.സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.
ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. ചാൾസ് ഡാർവിൻ പോലുള്ള പല പ്രഗത്ഭരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു[2]. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളിൽ കാണാറുണ്ട്.
ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തിൽ രണ്ടു പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. ലൈംഗികശേഷിയും പ്രത്യുത്പാദനത്തിനുള്ള കഴിവും പൊതുവേ ഇവർക്കും ഉണ്ടാകാറുണ്ട്. വിവിധ വ്യക്തികളിൽ പല നിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്യമുള്ളതും, സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതൽ ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, വരുമാനം ആർജിക്കാനും സാധിക്കുന്ന വിധത്തിൽ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥ വരെ ഓട്ടിസത്തിൽ കാണാം.
പ്രധാനമായും ഓട്ടിസത്തിനുപിന്നിൽ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങൾ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകൾ, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകൾ, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തിൽ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങൾ വരുത്തുന്നുവെന്ന് പഠനറിപ്പോർട്ടുകളുണ്ട്.
ശൈശവത്തിൽതന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിൻെറ ലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയും. ശൈശവ ഓട്ടിസം (ഇൻഫാൻറയിൽ ഓട്ടിസം) ഉളള കുട്ടികൾ ശൈശവത്തിൽ തന്നെ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. ചിലകുട്ടികളാകട്ടെ 15 മുതൽ 18 മാസം വരെ ഒരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളർച്ചയുടെ നാഴികക്കല്ലുകൾ ഓരോന്നായി കുറഞ്ഞുവരുകയും ചെയ്യുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെയുള്ള ചിരിയോ എടുക്കാൻ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില കുട്ടികൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ, മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഇത്തരക്കാർ കാണിക്കുകയില്ല.
സ്കൂളിൽ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികൾ അപൂർവമായിരിക്കും. സദാസമയവും സ്വന്തമായ ഒരു ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും. ഓട്ടിസത്തിൻെറ മറ്റൊരു ലക്ഷണം സംസാരവൈകല്യമാണ്. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ ആവർത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തിൽ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകൾ ഇവർക്ക് ഉണ്ടാകാറുണ്ട്. അപൂർവം ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റു കുട്ടികളുടെ കൂടെ കളിക്കാറില്ല. കളിപ്പാട്ടങ്ങൾ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നീ കാര്യങ്ങളോടാണ് ഇവർക്ക് കൂടുതൽ താൽപര്യം.ദൈനംദിന കാര്യങ്ങൾ ഒരേപോലെ ചെയ്യാനാണ് ഇവർക്കിഷ്ടം.ഉദാഹരണത്തിന് ഭക്ഷണം കഴിക്കാൻ ഒരേ പ്ളേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ് എന്നിങ്ങനെ ഇവർ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസം മാറൽ, ഗൃഹോപകരണങ്ങൾ മാറ്റൽ, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങൾ എന്നിവയെ ശക്തിയായി എതിർക്കും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേൽപിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തിൽ കാണാം. ചിലർക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന രോഗവും ഇത്തരക്കാരിൽ കൂടുതലാണ്
https://www.facebook.com/Malayalivartha



























