സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല

ജി. സുധാകരന്‍ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റാണെന്നും എന്നാല്‍ സിപിഐഎം അദ്ദേഹത്തോട് നീതി കാട്ടിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹത്തെ പാര്‍ട്ടി പുകച്ച് പുറത്തുചാടിക്കുകയായിരുന്നുവെന്നും സുധാകരനെപ്പോലൊരാള്‍ നിയമസഭയില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാക്കാലത്തും ജനാധിപത്യ മര്യാദ കാണിച്ച പൊതുപ്രവര്‍ത്തകനാണ് സുധാകരന്‍ എന്നും പാര്‍ട്ടി ശത്രുക്കളോട് പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സിപിഐഎം സുധാകരനോട് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന വ്യക്തിയാണ് സുധാകരന്‍ എന്നും അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹമെന്നും ചെന്നിത്തല പുകഴ്ത്തി.
സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങള്‍ പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തില്‍ പെട്ടെന്ന് അഭിപ്രായം പറയുക സാധ്യമല്ല. ആലപ്പുഴ ജില്ലയിലെ നേതാക്കളുമായും പാര്‍ട്ടിയുമായും കൂടിയാലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു. രക്തസാക്ഷി കുടുംബമാണ് സുധാകരന്റേത്. അദ്ദേഹത്തോട് പാര്‍ട്ടി കാണിച്ചത് കനത്ത വഞ്ചനയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha























