ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയില്‍ കേരളം!.., എങ്ങനെ സുരക്ഷിതരാകാം, മുന്‍കരുതലുകള്‍ എന്തെല്ലാം.., ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറയുന്ന പേരാണ് ഒമിക്രോണിന്റേത്. സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22നാണ് ദക്ഷിണ ആഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഒമിക്രോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.
പരിശോധന എങ്ങനെ?
സാര്‍സ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാന്‍ സാധരണയായി ഉപയോഗിക്കുന്നതും കൂടുതല്‍ സ്വീകാര്യവുമായ മാര്‍ഗമാണ് ആര്‍.റ്റി.പി.സി.ആര്‍. എങ്കിലും ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഒമിക്രോണ്‍ ജനിതക നിര്‍ണയ പരിശോധന നടത്തിയാണ്.
എങ്ങനെ സുരക്ഷിതരാകാം?
അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം.
വാക്സിനേഷന്‍ പ്രധാനം
വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. വാക്സിന്‍ നല്‍കുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കൊവിഡിനെതിരെ സുരക്ഷ നല്‍കുവാന്‍ വാക്സിനുകള്‍ക്ക് കഴിയും. കൊവിഡ് രോഗ തീവ്രത കുറയ്ക്കുവാന്‍ വാക്സിനുകള്‍ക്ക് കഴിയും. അതിനാല്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്സിനുകള്‍ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് വാക്സിന്‍ ഇതുവരെയും എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കണം.
വൈറസുകള്‍ക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങള്‍ ഉണ്ടാകും. വകഭേദങ്ങള്‍ അപകടകാരികള്‍ അല്ലെങ്കില്‍ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതല്‍ പകര്‍ച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്‌ബോഴാണ് വകഭേദത്തിനെ കൂടുതല്‍ ശ്രദ്ധിക്കുക. വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കൊവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാല്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും രോഗതീവ്രതയിലുമെല്ലാം നേരിയ വ്യത്യാസങ്ങള്‍ വരാറുണ്ട്. അത്തരത്തില്‍ ഒമിക്രോണിന്റെ കാര്യത്തിലും ലക്ഷണങ്ങളില്‍ വ്യതിയാനമുണ്ടാകുമോ?
ഇതുവരെ കിട്ടിയിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് ഒമിക്രോണ്‍ മൂലമുണ്ടാകുന്ന കൊവിഡ് 19 അത്ര തീവ്രമാക്കില്ലെന്നാണ് സൂചന. എന്നാലിക്കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിക്കുന്നത്.
ഇതിനിടെ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പുമെല്ലാം ഒമിക്രോണ്‍ സംബന്ധിച്ച് അവര്‍ ക്രോഡീകരിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
'ഒമിക്രോണ്‍ രോഗതീവ്രത വര്‍ധിപ്പിച്ച തരത്തില്‍ ഒരു കേസും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് തന്നെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതാണ്. അസാധാരണമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ കണ്ടില്ല. കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് കണ്ടത്. രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ് സാഹചര്യം, ഓക്സിജന്‍ തീഴുന്ന സാഹചര്യം... ഒന്നും ഒമിക്രോണ്‍ മൂലമുണ്ടായിട്ടില്ല...'- ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.ആഞ്ജലിക് കോട്സെ പറയുന്നു.
കൊവിഡ് ലക്ഷണമായി പ്രധാനമായും വരുന്ന അസഹനീയമായ ക്ഷീണം, മിതമായ രീതിയിലുള്ള പനി, വരണ്ട ചുമ, ശരീരവേദന ഒക്കെ തന്നെയാണ് ഒമിക്രോണ്‍ മൂലമുണ്ടാകുന്ന കൊവിഡിലും കാണുന്നതെന്നും ഇവിടെ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്നു. പനിയാണെങ്കില്‍, മിതമായ രീതിയില്‍ വരുന്നത്- അത പോലെ തന്നെ പോകുമെന്നും ഇവര്‍ പറയുന്നു. അതേസമയം ചില ലക്ഷണങ്ങളില്‍ ഒമിക്രോണ്‍ ആകുമ്‌ബോള്‍ നേരിയ വ്യതിയാനങ്ങള്‍ കാണുന്നതായും ഇവര്‍ സൂചന നല്‍കുന്നുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള ഡോ. അന്‍ബന്‍ ഇത്തരത്തിലുള്ള രണ്ട് ലക്ഷണങ്ങളെ കുറിച്ച് പറയുന്നു. തൊണ്ടവേദനയ്ക്ക് പകരം തൊണ്ടയില്‍ കരകരപ്പാണ് ഒമിക്രോണ്‍ വൈറസ് ബാധയിലുണ്ടാവുകയത്രേ. അതുപോലെ രാത്രിയില്‍ അസാധാരണമാം വിധം വിയര്‍ക്കുന്നതും ഒമിക്രോണിന്റെ പ്രത്യേകതയായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗന്ധവും രുചിയും നഷ്ടമാകുന്ന തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയില്‍ കാണുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha