സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം

ശബരിമല സന്നിധാനത്തെ ബാങ്കുകളില്‍ കഴിഞ്ഞ മണ്ഡലകാലത്ത് അസാധാരണമായ പണം നിക്ഷേപിക്കല്‍ നടന്നതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, സന്നിധാനത്തെ എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെയും ധനലക്ഷ്മി ബാങ്കില്‍ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം നടന്നിട്ടുണ്ട്. ഇതില്‍ മാളികപ്പുറം മേല്‍ശാന്തി മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായാണ് പുറത്തുവരുന്ന പ്രധാന വിവരം.
ദേവസ്വം ബോര്‍ഡ് നല്‍കുന്ന ശമ്പളവും ദക്ഷിണയും പരിഗണിക്കുമ്പോള്‍ ഇത്രയും വലിയ തുകകള്‍ ബാങ്കുകളില്‍ എത്തുന്നത് അസാധാരണമാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. 'ആടിയശിഷ്ടം നെയ്യ്' കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുള്ള മേല്‍ശാന്തിമാരും കീഴ്ശാന്തിമാരും ഇത്തരത്തില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളതായാണ് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സ്ഥിരം ജീവനക്കാരും ദിവസവേതനക്കാരും വരെ ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. സന്നിധാനത്തെ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സന്നിധാനത്തെ ബാങ്കുകളില്‍ ഇത്രയും വലിയ നിക്ഷേപങ്ങള്‍ നടക്കുമ്പോള്‍ തന്നെ, അവിടെ കഠിനമായി പ്രയത്‌നിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കുന്നില്ലെന്ന ഗുരുതരമായ വസ്തുതയും ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇവര്‍ക്ക് നല്‍കി വരുന്ന തുച്ഛമായ വേതനം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















