വിഷാദത്തെ നിസ്സാരമായി കാണരുത്

വിഷാദം മറ്റു രോഗാവസ്ഥകള്‍ പോലെയല്ല. വിഷാദം ബാധിച്ചവര്‍ക്കോ അവരുമായി സഹകരിക്കുന്നവര്‍ക്കോ പലപ്പോഴും ഈ രോഗത്തെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. എപ്പോഴും മൂഡ് ഓഫാണെന്നു പരാതി പറയുന്നവരെയും തനിച്ചിരിക്കാന്‍ താല്‍പര്യപ്പെടുന്നവരെയും മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തില്‍ പെട്ടെന്നൊരുനിമിഷത്തെ ഷോക്ക് കൊണ്ടുമാത്രമാകണമെന്നില്ല വിഷാദം.
ജീവിതസാഹചര്യങ്ങളോടുള്ള പ്രതിഷേധസൂചകമായി മനസ്സ് സ്വയം കണ്ടെത്തുന്ന ഒരു ഒളിച്ചോട്ടവുമായേക്കാം. അതുകൊണ്ട് വിഷാദരോഗിക്ക് ഷോക്ക് സമ്മാനിച്ച സംഭവം തേടി പോകേണ്ട കാര്യമില്ല. മനക്കരുത്തുള്ളവനാണ്, തനിയെ ശരിയായിക്കോളൂം എന്ന് രോഗിയെക്കുറിച്ച് മുന്‍വിധി അരുത്. കൃത്യമായ പരിചരണവും മരുന്നും ലഭിച്ചില്ലെങ്കില്‍ വിഷാദം കടുത്ത മാനസിക രോഗത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് വിഷാദത്തെ തീരെ നിസ്സാരമായി കാണരുത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ അവസ്ഥ പിടിപെടാന്‍ സാധ്യതയുണ്ട്. മനസ്സില്‍ പ്രശ്‌നങ്ങള്‍ അടക്കിപ്പിടിച്ച് ജീവിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും ശരിയല്ല. മനസ്സിന്റെ സന്തോഷം നഷ്ടപ്പെടുമ്പോഴാണ് വിഷാദത്തിന് അടിമപ്പെടുക. സാമ്പത്തികഭദ്രത മനസ്സിനെ സന്തോഷിപ്പിക്കണമെന്നില്ല. വിഷാദത്തിന് മരുന്ന് കഴിച്ചാല്‍ ഭ്രാന്ത് പിടിപെടുമെന്നത് അബദ്ധധാരണയാണ്. കൃത്യമായി മരുന്നുകഴിച്ചില്ലെങ്കിലാണ് കുഴപ്പമാകുക. മരുന്നു മാത്രം പോര, സന്തോഷമുള്ള ജീവിതപശ്ചാത്തലം രോഗിക്ക് സമ്മാനിക്കുകയും വേണം.
https://www.facebook.com/Malayalivartha