വേണ്ടത് അവയവമാറ്റമോ അതോ രോഗപ്രതിരോധമോ?

കേരളത്തിൽ ഈയിടെയായി വളരെ കൂടുതൽ കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അവയവ ദാനം ,അവയവമാറ്റ ശസ്ത്രക്രിയ എന്നെല്ലാം. ഒരാളുടെ അവയവം മറ്റൊരാളിലേക്ക് വെച്ചുപിടിപ്പിച്ച് ഒരു ജീവൻ രക്ഷിക്കിനാകുക എന്നത് തീർച്ചയായും വൈദ്യ ശാസ്ത്രത്തിന്റെ നേട്ടമാണ്.
എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ മറ്റൊരാൾ മരിക്കണമെന്ന അവസ്ഥയല്ലേ ഇപ്പോഴുള്ളത്? ആരോഗ്യമുള്ള ഒരാൾ റോഡപകടത്തിലോ മസ്തിഷ്ക്കാഘാതം വന്നോ മരിക്കണമെന്ന ആഗ്രഹം, അതിനുവേണ്ടിയുള്ള രോഗിയുടെ ബന്ധുക്കളുടെ കാത്തിരിപ്പും പ്രാർത്ഥനയും തീർത്തും അരോചകമാണ്.
ഇതാണോ യഥാർത്ഥത്തിൽ സ്ഥായിയായ നേട്ടം? നമുക്ക് വേണ്ടത് അവയവമാറ്റ ശസ്ത്രക്രിയ അല്ല ,രോഗപ്രതിരോധമാണ്. ഇതിനെകുറിച്ച് ഡോ: എസ് വല്യത്താൻ കലാകൗമുദിയിലെ ഇന്റർവ്യൂവിൽ പറഞ്ഞത് ഇവിടെ പ്രസക്തമാണ്.
അദ്ദേഹം മെഡിസിൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് ,1950
കളുടെ തുടക്കത്തിൽ ഒരു ഫ്രഞ്ച് സർജൻ ജഡത്തിൽ നിന്നുള്ള അയോട്ട ഒരു രോഗിയിൽ വെച്ച് പിടിപ്പിക്കുകയും രോഗി രക്ഷപ്പെടുകയും ചെയ്തു. പക്ഷെ 4 വർഷം കഴിഞ്ഞപ്പോൾ രോഗി മരിക്കുകയും അതുവരെ ആഹ്ലാദം പരത്തിയ വാർത്ത ദുരന്തമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു. പിന്നീട് 1960 ൽ കൃത്രിമ അയോട്ട നിർമ്മിക്കാൻ തുടങ്ങിയതോടെ മനുഷ്യശരീരത്തിൽനിന്നു അയോട്ട എടുക്കുന്ന രീതി അവസാനിച്ചു. അതുപോലെ പോളിയോ വന്ന് നെഞ്ച് തളർന്നവർക്ക് ഘടിപ്പിച്ചിരുന്ന അയേൺ ലംഗ് എന്ന ഭാരമേറിയ ഉപകരണം പോളിയോ പ്രതിരോധ വാക്സിൻ കണ്ടു പിടിച്ചതോടെ അപ്രസക്തമായി.
ഭാവിയിൽ കിഡ്‌നി രോഗവും ഹൃദയരോഗവും വരാതിരിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഉറ്റവരുടെ ജീവൻ തിരിച്ചു കിട്ടാൻ വേണ്ടി മറ്റൊരു ജീവനെടുക്കാൻ പ്രാർത്ഥിക്കേണ്ടി വരില്ലല്ലോ..
ശ്രീചിത ഇൻസ്റ്റിറ്റ്യൂട്ട് ഹൃദയ വാൽവ് വികസിപ്പിച്ചെടുത്തതുപോലെ സിന്തറ്റിക് കിഡ്നിയും ഹൃദയവുമെല്ലാം വന്നാൽ രോഗപ്രതിരോധം വരുന്നതിനു മുൻപുള്ള ഇടവേളകളിൽ ജീവൻ രക്ഷിക്കാൻ ആയേക്കും. നമ്മുടെ ബയോ എഞ്ചിനീറിംഗും ടിഷ്യു എൻജിനീയറിങ്ങും ഗവേഷണ രംഗത്ത് അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു.
മെഡിക്കൽ സ്റ്റോറിൽ നിന്ന് പനിക്കും തലവേദനക്കുമുള്ള മരുന്നുകൾ മാത്രമല്ല കരളും ഹൃദയവും ശ്വാസകോശവുമെല്ലാം വാങ്ങാനാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം. അതോടെ അവയവ മാറ്റ ശസ്ത്രക്രിയകളും അതുമായി ബന്ധപ്പെട്ട ദുരൂഹതകളും അവസാനിക്കുകയും ചെയ്യും
https://www.facebook.com/Malayalivartha