ഹൃദയമാറ്റ ശസ്ത്രക്രിയയിൽ പുതിയൊരു വഴിത്തിരിവ് കൂടി

ഹൃദയമാറ്റ ശസ്ത്രക്രിയയിൽ വഴിത്തിരിവായേക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി സ്വീഡനിലെ ലുൻഡ് സർവകലാശാല. അതായത് ഹൃദയം മാറ്റിവെക്കലിന് ഇനി അല്പം വൈകിയാലും കുഴപ്പമില്ല. ശരീരത്തിന് പുറത്തായാലും ഇനി 12 മണിക്കൂർ ഹൃദയം മിടിക്കും. സാധാരണ ബ്രെയിൻ ഡെത്ത് സംഭവിക്കുമ്പോഴും ആക്സിഡന്റ് സമയത്തുമെല്ലാം സമയമാണ് നമ്മെ കുഴപ്പിക്കുന്നത്. അല്പം കൂടി സമയം കിട്ടിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷപെട്ടേനെ എന്നൊക്കെ പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്.
ഗർഭാവസ്ഥയിൽ 22 ദിവസം പ്രായമാകുന്നതോടെ സ്പന്ദിച്ചു തുടങ്ങുന്ന ഹൃദയം മരണത്തോടെ മാത്രമാണ് നിലയ്ക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിൽ പ്രതിദിനം ഒരുലക്ഷം തവണയാണ് ഹൃദയം മിടിക്കുന്നത്. ഏകദേശം 250-300 ഗ്രാം ഭാരവും മുഷ്ടിയോളം വലിപ്പവുമുണ്ട് ഹൃദയത്തിന്. ഒരുവശത്തേക്കുമാത്രം തുറക്കുന്ന വാല്‍വുകളുടെ കാര്യക്ഷമതയാണ് ഹൃദയത്തെ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുന്നത്.
ഹൃദയം പുറത്തെടുക്കുന്ന സമയത്ത് അതിനൊപ്പം ഒാക്സിജൻ പ്രവഹിപ്പിക്കുന്ന ചെറിയ മെഷീൻ കൂടി ഘടിപ്പിച്ചുകൊണ്ടാണ് ഗവേഷണ സംഘം ഇത് സാധ്യമാക്കിയത്. അനുകൂല സാഹചര്യത്തിൽ 12 മണിക്കൂർ വരെ ഹൃദയത്തെ ഇങ്ങനെ സൂക്ഷിക്കാനാവുമെന്നാണ് ഗവേഷകർ പറയുന്നത്.
ഗവേഷകർ ഇത് മൃഗങ്ങളിൽ പരീക്ഷിച്ചപ്പോൾ 24 മണിക്കൂർ വരെ ഹൃദയം ഫലപ്രദമായി സൂക്ഷിക്കാൻ കഴിഞ്ഞതായി ലുൻഡ് സർവകലാശാലയിലെ മുതിർന്ന പ്രഫസർ സ്റ്റിങ് സ്റ്റീൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനി മുതൽ അകലെയുള്ളവർക്കു പോലും ഹൃദയം മാറ്റിവെക്കാൻ അവസരം ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha

























