രാത്രി ഉറക്കം കുറവാണോ? സൂക്ഷിക്കണം...നിങ്ങൾ ആ അപകടത്തിലേക്ക്, പരിഹാരം ഇങ്ങനെ
നല്ല ഉറക്കം ലഭിക്കുന്നത് ആരോഗ്യലക്ഷണമാണ്. സുഖമായി ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങിയിട്ട് ഉണരുമ്പോൾ ക്ഷീണമൊന്നുമില്ലാതെ പ്രസന്നതയോടെ ഉണരണമെന്നാണ് നിയമം. എത്ര നേരം ഉറങ്ങുന്നു എന്നത് മാത്രമല്ല, എത്ര സുഖമായി ഉറങ്ങുന്നു എന്നതും പ്രധാനമാണ്. നല്ല ഒരു സമ്പൂർണ്ണ ഉറക്ക ചക്രം ലഭിക്കേണ്ടത് ഏതൊരു വ്യക്തിക്കും പ്രധാനമാണ്.
മുറിവ് ഭേദപ്പെടുത്താനും പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി, പ്രതിരോധശക്തി, ഊർജ്ജനില എന്നിവ മെച്ചപ്പെടുത്താനുമെല്ലാം നല്ല ഉറക്കം അനിവാര്യമാണ്. മനുഷ്യശരീരത്തിൽ ഒരു ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക്) പ്രവർത്തിക്കുന്നുണ്ട്. അതനുസരിച്ച് രാത്രി 10 മണി മുതൽ രാവിലെ അഞ്ചര വരെ ഉറങ്ങാനുള്ള സമയമാണ്. എന്നാൽ പലർക്കും ഉറക്കം കിട്ടുന്നില്ല എന്നതാണ് വാസ്തവം.
തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി, പ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഉറക്കക്കുറവ് ബാധിക്കും. സാധാരണ അവസ്ഥയിൽ, ഒരു മനുഷ്യന് മൂന്നാഴ്ചയിലധികം ഭക്ഷണമില്ലാതെ കഴിയാനും വെള്ളമില്ലാതെ മൂന്നോ നാലോ ദിവസം വരെ ജീവിക്കാനും കഴിയും.
എന്നാൽ നിങ്ങൾ 20-25 മണിക്കൂർ ഉറങ്ങാതെ കിടക്കുമ്പോൾ, നിങ്ങളുടെ ശരീരം പ്രവർത്തന വൈകല്യങ്ങൾ നേരിടാം. 36 മുതൽ 72 മണിക്കൂർ വരെ ഉറക്കമില്ലാതെ തുടരുന്നത് ചില സാഹചര്യങ്ങളിൽ മരണത്തിന് പോലും കാരണമായേക്കാം. ഉറങ്ങാതെയുള്ളതിനേക്കാൾ കൂടുതൽ സമയം നിങ്ങളുടെ ശരീരത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ കഴിയാൻ സാധിക്കും. എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഉറക്കം തിരിച്ചു കിട്ടിയേക്കാം...
അതിൽ പ്രധാനപ്പെട്ടതാണ് കിടക്കാൻ നേരമുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം. മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളിൽ നിന്നുള്ള പ്രകാശം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കം നഷ്ടപ്പെടുത്തും. രാത്രി ഫോൺ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, നൈറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഉപയോഗിക്കുക. അതുപോലെ കിടപ്പുമുറിയിലെ വെളിച്ചം- സർക്കാഡിയൻ റിഥം എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക ക്ലോക്ക് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
ഇരുട്ടായിരിക്കുമ്പോൾ, നിങ്ങളുടെ സർക്കാഡിയൻ റിഥം മെലറ്റോണിന്റെ പ്രകാശനത്തിന് കാരണമാകുന്നു. ഉറക്കം വരുത്തുന്ന ഒരു ഹോർമോണാണ് ഇത്. എന്നാൽ കിടപ്പുമുറിയിലെ വെളിച്ചം ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. നന്നായി ഉറങ്ങാൻ ലൈറ്റുകൾ ഓഫ് ചെയ്യുക, ടെലിവിഷൻ ഓണാക്കി വയ്ക്കുന്നത് ഒഴിവാക്കുക, ബ്ലാക്ക്ഔട്ട് കർട്ടനുകളോ ഐ മാസ്കോ ഉപയോഗിക്കുക.
ഉറക്കത്തിന്റെ കാര്യത്തിൽ സമയകൃത്യത പാലിക്കേണ്ടതുണ്ട്. അതായത്, ദിവസേന കൃത്യമസമയത്ത് തന്നെ ഉറങ്ങാൻ കിടക്കണം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. മുറിയിൽ സുഖകരമായ ഊഷ്മാവാണ് വേണ്ടത്. കൂടുതൽ തണുപ്പും അതുപോലെ ചൂടും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും.
ഏതെങ്കിലും കാരണത്താൽ സാധാരണയിലും താമസിച്ച് ഉറങ്ങുകയാണെങ്കിൽ, എത്രസമയം താമസിച്ച് ഉറങ്ങുന്നുവോ അതിന്റെ പകുതി സമയം രാവിലെ തുടർന്ന് ഉറങ്ങണമെന്നാണ് നിയമം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി ചെറു ചൂടോടെ പാൽ കുടിക്കുന്നതു നല്ലതാണ്. ഉറക്കക്കുറവിന്റെ ഔഷധമായി എരുമപ്പാൽ നിർദേശിക്കപ്പെട്ടിരിക്കുന്നു. ചന്ദനാദിതൈലം, ഹിമസാഗരതൈലം, ക്ഷീരബല ഇവയിലേതെങ്കിലും തലയിൽ തേക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha