എക്‌സ്റ്റീരിയർ ഗ്രീനറി
31 JULY 2018 02:49 PM IST

മലയാളി വാര്‍ത്ത
എക്‌സ്റ്റീരിയറില്‍ പുല്‍ത്തകിടിയോ ചെടികളോ ഒരുക്കുമ്പോള്‍ സൂര്യപ്രകാശത്തിന്റെയും ജലത്തിന്റെയും ലഭ്യത നിര്‍ണ്ണായകമാണ്. എക്‌സ്റ്റീരിയര്‍ കൃത്യമായി നിരീക്ഷിച്ച് സൂര്യപ്രകാശം കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ തിരിച്ചറിഞ്ഞ് ചെടികളും പുല്‍ത്തകിടികളും ഒരുക്കിയാല്‍ പിന്നീട് അവയുടെ സംരക്ഷണവും എളുപ്പമാകും. കൃത്യമായി വെള്ളം ലഭ്യമാകുന്നതും ഇവയുടെ സംരക്ഷണത്തില്‍ നിര്‍ണ്ണായകമാണ്.ചുവന്നമണ്ണൊരുക്കി അതിനുമുകളില്‍ പുല്‍ത്തകിടി ഒരുക്കുന്നത് ഈട് നില്‍ക്കാന്‍ സഹായകമാണ്. മണ്ണിനടിയില്‍ നിന്ന് ധാരാളം കളകള്‍ വളര്‍ന്ന് പുല്‍ത്തകിടിയ്ക്കുള്ളില്‍ നിറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പുല്‍ത്തകിടി ഒരുക്കുന്നിടത്തെ സ്വഭാവിക മണ്ണ് കുറച്ച് മാറ്റിയതിന് ശേഷം അതിന് മുകളില്‍ ഗ്‌ളാസ് കവറിംഗ് ഇട്ട് ചുവന്നമണ്ണിട്ട് നിറച്ചതിന് ശേഷം പുല്‍ത്തകിടി ഒരുക്കാവുന്നതാണ്.
കളകളുടെ വ്യാപനം തടയുന്നതിന് ഈയൊരു മുന്നൊരുക്കം ഗുണകരമാണ്. ആവശ്യത്തിന് വളവും കീടനാശിനിയും ഉപയോഗിക്കുന്നത് പുല്‍ത്തകിടികളുടെ ഈടുനില്‍പ്പിന് അത്യാവശ്യമാണ്. എളുപ്പം കളകള്‍ നിറയുന്ന പുല്‍ത്തകിടിയുടെ ആയുസ്‌സും ഹൃസ്വമായിരിക്കും. സമയാസമയം കളകള്‍ പറിച്ച് വൃത്തിയാക്കുന്നതിനൊപ്പം പുല്‍ത്തകിടികള്‍ രണ്ടുമാസത്തിലൊരിക്കല്‍ വെട്ടിയൊരുക്കി സംരക്ഷിക്കുകയും വേണം.കൊറിയന്‍ ഗ്രാസും ബാംഗ്‌ളൂരില്‍ നിന്ന് വരുന്ന പുല്ലുകളുമാണ് എക്‌സ്റ്റീരിയറില്‍ ഉപയോഗിക്കുന്നത്. ചുറ്റളവ് കൂടിയ ഇടങ്ങള്‍ക്ക് വഫെല്ലോ എന്ന പുല്ലാണ് ഉപയോഗിക്കുന്നത്. വളരെ വേഗം പടര്‍ന്നു പിടിക്കുന്ന ഈ പുല്ല് കോസ്റ്റ് എഫക്ടീവുമാണ്. എക്‌സ്റ്റീരിയറില്‍ ഉപയോഗിക്കുന്ന പ്‌ളാന്റുകള്‍ തിരഞ്ഞെടുക്കുമ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുളകള്‍, പാംട്രീ, ഫോക്‌സ്‌റ്റെയില്‍, നാട്ടില്‍ സുലഭമായ നാടന്‍ ചെടികള്‍ തുടങ്ങിയ വെള്ളം വളരെ കുറവുള്ള ചെടികള്‍ എക്‌സ്റ്റീരിയറിലെ ഹരിതാഭയ്ക്കും ഭംഗിയ്ക്കുമായി ഒരുക്കാവുന്നതാണ്.
വെള്ളം മണ്ണിലേയ്ക്കിറങ്ങാന്‍ പാകത്തിന് രണ്ടിഞ്ച് അകലത്തില്‍ കല്ലുപാളികള്‍ക്കിടയില്‍ പുല്ലുവച്ച് കൊടുക്കുന്ന രീതിയുണ്ട്. കാഴ്ചയില്‍ ഭംഗിയുള്ള ഇത്തരം നാച്ചുറല്‍ പേവിംഗിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍.