ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഏറെ ഗുണകരമായ കറ്റാര്‍വാഴ കൃഷി ചെയ്യാന്‍.....
ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഏറെ ഗുണകരമായ കറ്റാര്‍വാഴ സ്ഥലപരിമിതി ഉള്ളവര്‍ പോലും വീട്ടില്‍ ഒരു കറ്റാര്‍വാഴ ചെടിയെങ്കിലും നട്ടുപിടിപ്പിക്കാറുണ്ട്.
പക്ഷേ പലപ്പോഴും തണ്ടുകള്‍ക്ക് വേണ്ടത്ര ആരോഗ്യമോ വളര്‍ച്ചയോ ഇല്ലാത്ത അവസ്ഥയിലും അവ കാണപ്പെടാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തെ കറ്റാര്‍വാഴ ചെടിയും ആരോഗ്യത്തോടെ വളരെ വേഗത്തില്‍ തഴച്ചു വളരുകയും ചെയ്യും.
കറ്റാര്‍വാഴ തൈകള്‍ ശേഖരിച്ച് അത് വീട്ടിലെത്തിച്ച് നടുമ്പോള്‍ തന്നെ പരിചരണം തുടങ്ങേണ്ടതാണ്. വെള്ളം വേഗത്തില്‍ വലിച്ചെടുക്കുന്ന മണ്ണാണ് കറ്റാര്‍വാഴ നടുന്നതിന് വേണ്ടത്. ജലാംശം ഏറെയുള്ള സസ്യമായതിനാല്‍ വെള്ളം കെട്ടി നിന്നാല്‍ കറ്റാര്‍വാഴ വേഗത്തില്‍ ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
വേരു പിടിക്കാന്‍ പാകത്തിന് എട്ടു മുതല്‍ 12 ഇഞ്ച് വരെ വലിപ്പമുള്ള കണ്ടെയ്‌നര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവയില്‍ വെള്ളം ഒഴുകി പോകുന്നതിന് മതിയായ ദ്വാരങ്ങള്‍ ഉണ്ടെന്നും ഉറപ്പുവരുത്തണം. ജലാംശം പൂര്‍ണമായും വലിച്ചെടുക്കുന്നതിന് കളിമണ്ണ് കൊണ്ടുള്ള ചട്ടികളാണ് ഏറ്റവും നല്ലത്. സ്ഥലവിസ്തൃതിയുള്ളത് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
പ്രധാന കാര്യം വേരു ചീയാതെ സംരക്ഷിക്കുകയെന്നതാണ്. പോട്ടിങ് മിശ്രിതം ഉപയോഗിച്ചാല്‍ വെള്ളം തങ്ങിനില്‍ക്കുന്നതും അമിത സാച്ചുറേഷനും ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ സാധാരണ പോട്ടിങ് മിശ്രിതത്തിന് പകരം കള്ളിമുള്‍ച്ചെടികള്‍ക്കും നീരുള്ള ഇനത്തില്‍പ്പെട്ട സസ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രത്യേക പോട്ടിങ് മിശ്രിതം തന്നെ തിരഞ്ഞെടുക്കുക.
മറ്റു സസ്യങ്ങള്‍ പോലെ കറ്റാര്‍വാഴയ്ക്ക് വളപ്രയോഗം അത്ര അത്യാവശ്യമല്ല. അതുമാത്രമല്ല വളത്തിന്റെ അളവ് കൂടിപ്പോയാല്‍ അത് ചെടി നശിക്കാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം സസ്യങ്ങള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചെടുത്തിട്ടുള്ള വളങ്ങള്‍ ലഭ്യമാണ്.
കറ്റാര്‍വാഴയ്ക്ക് ആരോഗ്യത്തോടെ വളരാന്‍ പ്രകാശം അത്യാവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. അമിതമായി വെയിലേറ്റാല്‍ ചെടിയുടെ ഇലകളില്‍ തവിട്ടോ ചുവപ്പോ കലര്‍ന്ന പാടുകള്‍ ഉണ്ടാകാന്‍ തുടങ്ങിയെന്നു വരും. ഇത്തരം പാടുകള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കുക. 55 മുതല്‍ 85 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള താപനിലയാണ് കറ്റാര്‍വാഴകള്‍ക്ക് അത്യുത്തമം. താപനില ഇതില്‍ നിന്ന് താഴുന്നതും ഉയരുന്നതും ചെടികള്‍ക്ക് ഗുണകരമല്ല.
"
https://www.facebook.com/Malayalivartha