പ്രവാസികൾക്കായി സൗദിയുടെ ആ തീരുമാനം; സര്‍ക്കാര്‍ മേഖലയ്ക്ക് സമാനമായി സ്വകാര്യമേഖലയിലെയും തൊഴില്‍ സമയം കുറയ്ക്കണമെന്ന് ശുപാര്‍ശ, സ്വകാര്യ മേഖലയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ജീവനക്കാരെ ആകര്‍ഷിക്കുവാനും മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ അവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ലഭ്യമാക്കുവാനുമാണ് ലക്ഷ്യം

സൗദിയില്‍ ഗവണ്‍മെന്റ് ജോലികളിലെന്ന പോലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കാന്‍ അധികൃതര്‍ ആലോചിക്കുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതാണ്. അതെയതെ സര്‍ക്കാര്‍ മേഖലയ്ക്ക് സമാനമായി സ്വകാര്യമേഖലയിലെയും തൊഴില്‍ സമയം കുറയ്ക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന പഠന റിപ്പോര്‍ട്ട് ഹ്യൂമണ്‍ റിസോഴ്‌സസ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സൗദി ഗസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതുമൂലം പ്രവാസികൾക്ക് വരാൻ പോകുന്നത് ആശ്വാസത്തിന് പുറമെ ഏറെ സന്തോഷം തന്നെയാകും. എന്നാൽ സൗദി പ്രവാസികൾക്കൊപ്പം തന്നെ തങ്ങളുടെ പൗരന്മാരെയും ഇതിലൂടെ ലക്ഷ്യമിടുകയാണ് എന്നത് മറ്റൊരു കാര്യം.
സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ ആനുകൂല്യങ്ങള്‍ സ്വകാര്യമേഖലയിലും ലഭ്യമാക്കുക വഴി സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ തൊഴില്‍ നയത്തിന് മന്ത്രാലയം നേരത്തേ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പഠനങ്ങള്‍ക്കും ഫീല്‍ഡ് സര്‍വേക്കും ശേഷമാണ് ഇതിനായി നിയോഗിക്കപ്പെട്ട സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. രാജ്യത്തെ തൊഴില്‍ കമ്പോളത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ആയതിനാൽ തന്നെ സ്വകാര്യ മേഖലയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ജീവനക്കാരെ ആകര്‍ഷിക്കുവാനും മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ അവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ലഭ്യമാക്കുവാനുമാണ് പുതിയ തൊഴില്‍ നയത്തിലൂടെ അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. ഇത് തൊഴില്‍ മേഖലയിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അഭിപ്രായപ്പെടുകയുണ്ടായി. പുതിയ തൊഴില്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന്റെ മുന്നോടിയായാണ് മന്ത്രാലയം സര്‍വേ നടത്തിവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതിനോടൊപ്പം ശമ്പളത്തോടെയുള്ള പ്രസവാവധി നിലവിലെ 10 ആഴ്ചയില്‍ നിന്ന് 14 ആഴ്ചയായി വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഇത് പ്രവാസികൾക്ക് ഏറെ നിർണായകമാകുമെങ്കിലും സ്വദേശിവത്കരണം എന്ന കടമ്പ തലവേദനയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha