അറബികള്‍ക്കായി ഒരു ക്യൂബന്‍ അപാരത; അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരത്തെക്കുറിച്ച് തിരഞ്ഞ് പ്രവാസികൾ, മികച്ച ഫലപ്രാപ്തിയല്ല സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്, മറിച്ച് അതിന്റെ അബ്ദല എന്ന അറബ് പേര് തന്നെ...

ലോകത്തെ ചേർത്തണച്ച ഒരു നാടിന് സമ്മാനം. യുഎഇയുടെ മാറ്റ് കൂട്ടി അബ്ദുള്ള.... അല്ല അബ്ദല. അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരത്തെക്കുറിച്ച് തിരയുകയാണ് പ്രവാസികൾ ഏവരും. ആകാംക്ഷകൾ നിറഞ്ഞ തിരച്ചിലുകൾക്കൊടുവിൽ എത്തിച്ചേർന്നത് മറ്റൊരു രസകരമായ കാര്യത്തിലേക്ക്.....
പറഞ്ഞുവന്നത് മറ്റൊന്നുമല്ല, അബ്ദല എന്ന പേരില്‍ ക്യൂബ പുറത്തിറക്കിയ കൊവിഡ് പ്രതിരോധ വാക്സിനാണ് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരമായി മാറിയിരിക്കുന്നത്. എന്നാൽ അതിന്റെ മികച്ച ഫലപ്രാപ്തിയല്ല സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്, മറിച്ച് അതിന്റെ അബ്ദല എന്ന അറബ് പേര് തന്നെയാണ്. അബ്ദുല്ല വാക്‌സിന്‍ എന്നാണിപ്പോള്‍ അറബികള്‍ ക്യൂബന്‍ വാക്‌സിനെ അഭിസംബോധന ചെയ്യുന്നത്. ക്യൂബയുടെ വക അറബികള്‍ക്ക് സ്വന്തമായി ഒരു വാക്സിന്‍ എന്ന് കളിയായി അവര്‍ പറയുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും ഫപ്രാപ്തിയുള്ള വാക്സിനുകളിൽ ഒന്നാണ് മൂന്ന് ഡോസുകള്‍ ഉള്ള അബ്ദല വാക്‌സിന്‍ എന്നാണ് ക്യൂബയുടെ അവകാശവാദം. ക്ലിനിക്കല്‍ ട്രയലുകളില്‍ 92.28 ശതമാനമാണ് അബ്ദല വാക്സിന്റെ ഫപ്രാപ്തി എന്നത്. ക്യൂബന്‍ സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക് കോര്‍പറേഷന്റെ കീഴിലുള്ള ബയോക്യൂബഫാര്‍മയാണ് ഇതിന്റെ നിര്‍മാതാക്കള്‍. ലോകത്തെ ഏറ്റവും ഫലപ്രാപ്തിയുള്ള മൂന്നാമത്തെ വാക്സിനുകളിൽ ഒന്നായാണ് ക്യൂബന്‍ വാക്സിന്‍ കണക്കാക്കപ്പെടുന്നത്. 95 ശതമാനം ഫലപ്രാപ്തിയുള്ള ഫൈസര്‍-ബയോണ്‍ടെക്, 94.1 ശതമാനം ഫലപ്രാപ്തിയുള്ള മൊഡേണ എന്നിവ കഴിഞ്ഞാല്‍ അബ്ദലയാണ് കാര്യക്ഷമതയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. അതോടൊപ്പം 91.6 ശതമാനം ഫലപ്രാപ്തിയുള്ള റഷ്യയുടെ സ്പുട്നിക് വി മികവിന്റെ കാര്യത്തില്‍ നാലാമതാണ്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഫിന്‍ലേ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് സെന്റര്‍ ഫോര്‍ ജെനെറ്റിക് എഞ്ചിനീയറിംഗ് ആന്റ് ബയോടൈക്‌നോളജിയിലെ ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ അവയെല്ലാം അതിജീവിച്ച് മികച്ച രണ്ട് വാക്‌സിനുകള്‍ ഒരുക്കിയിരിക്കുകയാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനെല്‍ പറയുകയുണ്ടായി. കൊവിഡിനെതിരായ വാക്‌സിന്‍ നിര്‍മിക്കുന്ന ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും ലോകത്തിലെ ഏറ്റവും ചെറിയ രാജ്യവുമാണ് ക്യൂബ. അബ്ദലയുടെ ക്ലിനിക്കല്‍ ട്രയലുകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ പ്രാദേശിക വിപണിയിലും തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതേസമയം കഴിഞ്ഞ വര്‍ഷം അമേരിക്കന്‍-ജര്‍മന്‍ കമ്പനിയായ ഫൈസര്‍ ബയോണ്‍ടെക് ആദ്യ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ വിദേശ വാക്‌സിനുകള്‍ തങ്ങള്‍ക്കു വേണ്ടെന്ന നിലപാടായിരുന്നു ക്യൂബ സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് ബയോക്യൂബഫാര്‍മ തന്നെ സോവറിന്‍ 2 എന്ന പേരില്‍ മറ്റൊരു വാക്‌സിൻ നിര്‍മിച്ചിരുന്നു. മൂന്ന് ഡോസുള്ള ഈ വാക്‌സിന്റെ ഫലപ്രാപ്തി 62 ശതമാനമാണെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. ഇതിന്റെ ശരിയായ ഫലം മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തുവരുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. നിലവില്‍ ജനസംഖ്യയുടെ ഒന്‍പത് ശതമാനം മാത്രമാണ് ഈ രണ്ട് വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചവര്‍.
അതേസമയം ക്യൂബന്‍ സ്വാതന്ത്ര്യ സമര നേതാവും ദേശീയ കവിയുമായ ജോസ് മാര്‍ട്ടിയുടെ അബ്ദല എന്ന ദേശാഭിമാന നാടകത്തിലെ ഹീറോയില്‍ നിന്നാണ് വാക്സിന്റെ പേര് സ്വീകരിച്ചത്. ഈ നാടകത്തിലെ നായകനായിരുന്നു അറബ് പോരാളിയായ അബ്ദല. കവിയും തത്വചിന്തകനും എഴുത്തുകാരനുമായ മാര്‍ട്ടിക്ക് അറബ് ലോകത്തോട് വലിയ പ്രിയമായിരുന്നു. 42 വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മറ്റൊരു കവിതയാണ് ലിറ്റില്‍ ഇസ്മായില്‍. ഗള്‍ഫ് നാടുകളില്‍ ഏറ്റവും പ്രിയമുള്ള വാക്‌സിനുകളായ ഫൈസറിനെയും മൊഡേണയെയും കടത്തിവെട്ടി 'അബ്ദുല്ല' വിപണി കീഴടക്കുമോ എന്നതാണ് അറബ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ച.
അര്‍ജന്റീന, ജമൈക്ക, മെക്സിക്കോ, വിയറ്റനാം, വെനസ്വേല തുടങ്ങി നിരവധി രാജ്യങ്ങള്‍ ക്യൂബന്‍ വാക്സിന്‍ വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, അറബ് വിപണി ലക്ഷ്യമിട്ടാണോ ക്യൂബ പുതിയ വാക്സിന് അബ്ദല എന്ന് പേരിട്ടതെന്ന സംശയവും സാമൂഹ്യ മാധ്യമങ്ങൡ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha



























