പ്രവാസികൾക്ക് കനത്ത തിരിച്ചടി; മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളും വൻ തുകയും തട്ടിയെടുത്ത് ഡോർ ടു ഡോർ കാർഗോ കമ്പനി, ലീഫ് ലെറ്റിൽ നൽകിയിരുന്ന ബിസിനസ് ബേ കെട്ടിടത്തിലെ ഓഫിസ് വ്യാജം, പരക്കം പാഞ്ഞ് ഒട്ടനവധി പ്രവാസികൾ

കൊറോണക്കാലത്ത് നാട്ടിലെത്താൻ കഴിയാത്തത് മൂലം ഒട്ടുമിക്ക പ്രവാസികളും വീട്ടിലേക്ക് കാർഗോ വഴിയാണ് സാധനങ്ങൾ കൊടുത്തയച്ചത്. എന്നാൽ അവിടെയും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളും വൻ തുകയും തട്ടിയെടുത്ത് ഡോർ ടു ഡോർ കാർഗോ കമ്പനി മുങ്ങിയതായുള്ള പരാതിയാണ് ലഭിച്ചിരിക്കുന്നത്. ബർ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കാർഗോ കമ്പനി പൂട്ടിയാണ് ഏതാണ്ട് ഒരു മാസം മുൻപ് ഉടമസ്ഥർ സ്ഥലം വിട്ടത്. ലീഫ് ലെറ്റിൽ നൽകിയിരുന്ന ബിസിനസ് ബേ കെട്ടിടത്തിലെ ഓഫിസ് വ്യാജമാണെന്നും ഇതോടൊപ്പം അറിയാൻ സാധിച്ചു. വിലപിടിപ്പുള്ള സാധനങ്ങളും പണവും തട്ടിയെടുത്ത് വഞ്ചിക്കപ്പെട്ടതിനെ തുടർന്ന് ഉപയോക്താക്കൾ പലരും ബർ ദുബായ് പൊലീസിനെ സമീപിക്കുകയുണ്ടായി.
കപ്പൽ മാർഗം കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേയ്ക്ക് സാധനങ്ങളയക്കാം എന്ന പരസ്യം കണ്ടാണ് പലരും മാസങ്ങൾക്ക് മുൻപു സാധനങ്ങൾ അയയ്ക്കാൻ ഈ കാർഗോയെ ഏൽപിക്കാൻ തയ്യാറായത്. ഇന്ത്യയിലേയ്ക്ക് കിലോ ഗ്രാമിന് 4 ദിര്‍ഹമായിരുന്നു നിരക്ക് ഏർപ്പെടുത്തിയിരുന്നത്. മറ്റു കാർഗോ കമ്പനികൾ കിലോ ഗ്രാമിന് 6 ദിർഹമാണ് ഈടാക്കുന്നിടത്താണ് ഇത്. കൂടിയത് 40 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ വീടുകളിൽ ഏൽപിച്ച സാധനങ്ങൾ ഡെലിവറി ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും രണ്ടു മാസമായിട്ടും പലരുടെയും സാധനമെത്താത്തിനെ തുടർന്ന് സ്ഥാപനത്തിൽ വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇതിനുപിന്നാലെ കാർഗോ ഡെലിവറി ചെയ്തവരുടെ മൊബൈൽ ഫോണുകളിലേയ്ക്ക് വിളിച്ചപ്പോൾ സ്വിച്ഡ് ഓഫുമാണ്. പിന്നീട് ബർ ദുബായിലെ സ്ഥാപനങ്ങളിൽ ചെന്നു നോക്കിയപ്പോൾ സ്ഥാപനം പൂട്ടിക്കിടക്കുന്നതാണ് കണ്ടതെന്ന് ഉപയോക്താക്കൾ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഫെയ്സ് ബുക്ക് പേജിൽ വഞ്ചിക്കപ്പെട്ടവരുടെ കദനകഥകളാണ് കമന്റ് ബോക്സിൽ നിറഞ്ഞുനിൽക്കുന്നത്.
താനയച്ച കംപ്യൂട്ടർ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും മകൾക്കുള്ള പുസ്തകങ്ങളും ഒരു മാസത്തിലേറെയായിട്ടും ലഭിച്ചില്ലെന്നു ദുബായിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ഡി.ജോയ് ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി. മേയ് 19ന് പെരുന്നാൾ അവധിക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ റിസപ്‌ഷനിൽ കണ്ട പരസ്യത്തിൽ നിന്ന് കാർഗോ വഴി 50 കിലോയോളം പുസ്തകങ്ങളും 40 കിലോയോളം മറ്റുസാധങ്ങളും അയയ്ക്കുകയായിരുന്നു. അതിൽ ഡെസ്‌ക് ടോപ് കമ്പ്യുട്ടർ, മക്കൾക്കുവേണ്ടി വാങ്ങിയ പുസ്തകങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, വീട്ടുപകരണങ്ങൾഎന്നിവയും ഉണ്ടായിരുന്നു. കൂടാതെ ആയിരം ദിർഹത്തോളം കാർഗോ ചാർജ് കൊടുത്തു. ഒരു മാസത്തിനുള്ളിൽ സാധനമെത്തിക്കും എന്നായിരുന്നു ഉറപ്പു നൽകിയിരുന്നത്. ഒരാഴ്ച കഴിഞ്ഞ് ഒരാൾ വിളിച്ച് സാധനങ്ങൾ എല്ലാം അയച്ചിട്ടുണ്ടെന്നും ജൂൺ 10 ആകുമ്പോൾ നാട്ടിലെത്തും എന്നും പറയുകയുണ്ടായി. സമയം കഴിഞ്ഞിട്ടും സാധനം എത്താത്തതിനെ തുടർന്ന് വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഇത്തരത്തിൽ സമാന അനുഭവമാണ് പലർക്കും നേരിടേണ്ടി വന്നിരിക്കുന്നത്.
ആയതിനാൽ തന്നെ സാധനങ്ങൾ അയക്കുമ്പോൾ ഡോർ ടു ഡോർ കാർഗോ സ്ഥാപനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ബർ ദുബായ് പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെോട് നിർദേശിക്കുകയുണ്ടായി. മുങ്ങിയെന്ന് കരുതുന്ന കാർഗോ താൽക്കാലിക റജിസ്ട്രേഷനിലായിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന അറിയാൻ കഴിഞ്ഞത്. ഏറെ കാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കാർഗോ സ്ഥാപനങ്ങൾ നിലവിൽ യുഎഇയിലുണ്ട്. ഇതിലേതിലെങ്കിലും അയക്കാൻ ശ്രമിക്കുക. കൂടാതെ, ലൈസൻസ് കൃത്യമായി പരിശോധിച്ച് നിയമപരമായി പ്രവർത്തിക്കുന്ന, വിശ്വസനീയമായ സ്ഥാപനമാണെന്ന് ഉറപ്പുവരുത്തുകയും വേണം എന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























