യുഎഇയിൽ കടുത്ത ജാഗ്രത; കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങൾ കണ്ടെത്തി, കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ടായിരുന്നു ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയത്. കൂടാതെ രാജ്യത്ത് കൊവിഡ് പരിശോധന നടത്തിവരുന്ന ലബോറട്ടറികള്‍ വ്യാപന ശേഷി കൂടി വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശങ്കകൾക്ക് പിന്നാലെ മറ്റൊരു വാർത്ത യുഎഇയിൽ നിന്ന് പുറത്ത് വരുകയാണ്....
യു.എ.ഇയില്‍ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കൊവിഡ് രോഗികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറയ്ക്കാനും വാക്‌സിന്‍ ഫലപ്രദമാണെന്ന് ഡോ. അല്‍ ഹൊസനി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പുതിയ കൊവിഡ് രോഗികളില്‍ 39.2 ശതമാനം പേരില്‍ ബീറ്റ വകഭേദവും 33.9 ശതമാനം പേരില്‍ ഡെല്‍റ്റയും 11.3 ശതമാനം ആളുകളില്‍ ആല്‍ഫ വകഭേദവുമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡോ. ഹൊസനി വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം യുഎഇയിൽ കോവിഡ് 19 ബാധിച്ച നാലു പേർ മരിച്ചു. ഇതോടെ ആകെ മരണം 1,796 ആയി. 2122 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 2077 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 6,26,936. രോഗമുക്തി നേടിയവർ: 6,05,618. ചികിത്സയിലുള്ളവർ:19,522. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ഒമാനിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു കണ്ടെത്തൽ കൂടി പുറത്തുവന്നിരുന്നു. കൊവിഡ് ബാധിതരില്‍ ഏറെയും യുവാക്കളാണ് എന്നതും ചെറിയ കുട്ടികള്‍ക്കു പോലും രോഗം ബാധിക്കുന്നു എന്നതും ഏറെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. റോയല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 150 കൊവിഡ് രോഗികളില്‍ 76 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. കൂടാതെ ഇത്തരം വാർത്തകൾ ഗൾഫ് രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
ആയതിനാൽ തന്നെ അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും 80 ശതമാനം രോഗികളെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാണെന്നും റോയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മഹര്‍ ബിന്‍ ജാഫര്‍ അല്‍ബര്‍ഹാനി പറയുകയുണ്ടായി. 30 നും 50 നുമിടയില്‍ പ്രായമുള്ളവരിലേക്കാണ് കൂടുതലും രോഗം വ്യാപിക്കുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും രോഗം ബാധിക്കുന്നതായി റിപോര്‍ട്ടുകളും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ വിഭാഗം ഡയരക്ടര്‍ ജനറല്‍ സൈഫ് അല്‍അബ്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























