ഒമാനിൽ കൊറോണ വ്യാപനം കൂടുന്നു; ഡോക്ടര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

ഒമാനിൽ കൊറോണ വ്യാപനം കൂടുന്നതായുള്ള വാർത്തകൾ ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. കൊറോണ വ്യാപനത്തിന്റെ ആരംഭനാൾ മുതൽക്കേ തന്നെ ഒത്തിരി പ്രതിസന്ധികളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കൊറോണ വ്യാപനം എന്നപോലെ തന്നെ മരണ നിരക്ക് ഉയർന്നതും പ്രവാസികളെ സങ്കീര്ണതയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ സമാനമായ അവസ്ഥയാണ് വീണ്ടു റിപ്പോർട്ട് ചെയ്യുന്നത്....
പ്രവാസി മലയാളികളെ ദുരിതത്തിലാഴ്ത്തി ഒമാനില്‍ കോവിഡ് ബാധിതരായി 24 മണിക്കൂറിനിടെ ഡോക്ടര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട്. കൊല്ലം സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ (51), തൃശൂര്‍ സ്വദേശി അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64), കൊല്ലം സ്വദേശി സണ്ണി മാത്യു, മലപ്പുറം സ്വദേശി ദേവദാസ് എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബുറൈമിയിലെ ഇബ്ന്‍ ഖല്‍ദൂണ്‍ ക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്ന കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ കോവിഡ് ബാധിതനായ ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് ഇദ്ദേഹം നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരണപ്പെടുന്ന നാലാമത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകനാണ് ഡോക്ടര്‍ ജയപ്രകാശ്. സംസ്‌കാരം സുഹാറിലെ ശ്മശാനത്തില്‍ നടക്കുന്നതാണ്. ഭാര്യ: സബിത. മക്കള്‍: ജയ കൃഷ്ണന്‍ (വിദ്യാര്‍ഥി, കാനഡ), ജഗത് കൃഷ്ണന്‍ (സ്‌കൂള്‍ വിദ്യാര്‍ഥി). കൊല്ലം തഴവ മണപള്ളി സൗത്ത് തറമ്മലേത്തു വീട്ടില്‍ സണ്ണി മാത്യു സുവൈഖിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുജ സണ്ണി. മക്കള്‍: ഫെബി സണ്ണി, ഫബന്‍ സണ്ണി.
തൃശൂര്‍ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64) കോവിഡിനെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മസീറയിലാണ് ഉമ്മര്‍ ജോലി ചെയ്തിരുന്നത്. ഭാര്യ: ഹൈറുന്നീസ. മക്കള്‍: മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ. മലപ്പുറം തിരൂര്‍ സ്വദേശി ദേവദാസ് കോവിഡിനെ തുടര്‍ന്ന് ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒമാനിലെ നഖ്ലില്‍ സ്വകാര്യ പ്രിന്റിംഗ് പ്രസ്സ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.
https://www.facebook.com/Malayalivartha



























