ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ വാക്‌സിനേഷന്‍ വിവരങ്ങളും... അയാട്ടയുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പുമായി യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയർവേസ്, യാത്രയ്ക്ക് ഒരുങ്ങുന്നവർ ചെയ്യേണ്ടത്...

അയാട്ടയുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് മൊബൈല്‍ ആപ്പുമായി യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് ഖത്തര്‍ എയര്‍വെയ്‌സ്. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിത യാത്രാ സൗകര്യം ഒരുക്കുന്നതിനായി അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പുറത്തിറക്കിയ ഡിജിറ്റല്‍ പാസ്പോര്‍ട്ടില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനത്തിനാണ് പരീക്ഷണാര്‍ഥത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് തുടക്കം കുറിച്ചിരിക്കുന്നത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിക്കുകയുണ്ടായി.
ലോകത്ത് ആദ്യമായാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം യാത്രക്കാരന്‍ വാക്സിന്‍ സ്വീകരിച്ചു എന്ന് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തി 'ഡിജിറ്റല്‍ രേഖ' സംവിധാനം ഒരു എയര്‍ലൈന്‍സ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കുന്നത്. ജൂലൈയില്‍ ആരംഭിച്ച പരീക്ഷണ ഘട്ടത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാരിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
കുവൈറ്റ്, ലണ്ടന്‍, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, പാരിസ്, സിഡ്നി എന്നിവിടങ്ങളില്‍ നിന്നു ദോഹയിലേക്കുവരുന്ന ഖത്തര്‍ എയര്‍വെയ്‌സ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും 'ഡിജിറ്റല്‍ പാസ്പോര്‍ട്ടില്‍' അപ്ലോഡ് ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും. ദോഹയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം മൊബൈല്‍ ആപ്പിലെ ഈ രേഖകള്‍ കാണിച്ചാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
https://www.facebook.com/Malayalivartha


























