യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,552 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിച്ചു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,552 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്.
പുതിയതായി നടത്തിയ 2,58,483 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,42,601 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവരില്‍ 6,20,812 പേര്‍ രോഗമുക്തരാവുകയും 1,843 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,946 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
അതേസമയം മൊഡേണ വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് യു.എ.ഇ അനുമതി നൽകുകയുണ്ടായി. ഇതോടെ യു.എ.ഇ അംഗീകരിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി മാറി. സിനോഫാം, അസ്ട്രസിനിക്ക, ഫൈസർ, സ്പുട്നിക് എന്നിവയാണ് യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ എന്നത്.
ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്നാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. പരീക്ഷണത്തിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിരുന്നു. 94 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാക്സിനെടുക്കുന്നവർക്ക് കോവിഡ് ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജന്ത ഇൻവസ്റ്റുമെൻറുമായി സഹകരിച്ചാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് ബലം നൽകുന്നതാണ് പുതിയ വാക്സിന് അംഗീകാരം നൽകിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha


























