യുഎഇയെ ഞെട്ടിച്ച് ദുബായി ജബല്‍ അലി തുറമുഖത്ത് വന്‍ അഗ്നിബാധ; പ്രവാസികൾക്ക് ആശ്വാസം നൽകി ഓടിയെത്തി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യുഎഇയെ മുൾമുനയിൽ നിർത്തി കഴിഞ്ഞ ദിവസം ദുബൈയിലെ ജബല്‍ അലി തുറമുഖത്ത് വന്‍ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്‌നറില്‍ സ്‌ഫോടനമുണ്ടാകുകയും തീപടര്‍ന്നു പിടിക്കുകയുമായിരുന്നുവെന്നാണ് അറിയിച്ചത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ദുബൈ മീഡിയ ഓഫീസ് അറിയിക്കുകയുണ്ടായി. ബുധനാഴ്ച അര്‍ധ രാത്രിയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ കണ്ടെയ്നർ കപ്പലിന് തീ പിടിത്തമുണ്ടായ ജബൽ അലി തുറമുഖം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിക്കുകയുണ്ടായി. അതേസമയം, അഗ്നിബാധ തുറമുഖ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ അർധരാത്രി 12ന് നടന്ന അഗ്നിബാധ 40 മിനിറ്റിനകം പൂർണമായും നിയന്ത്രണവിധേയമാക്കുവാൻ സാധിച്ചിരുന്നു. ഇതിനു നേതൃത്വം നൽകിയവരെ ഷെയ്ഖ് ഹംദാൻ അഭിനന്ദിക്കുകയുണ്ടായി.
'പ്രൗഡ് ഓഫ് മൈ ടീം' എന്ന ക്യാപ്ഷനിൽ പടങ്ങൾ സഹിതമുള്ള ട്വീറ്റിൽ, അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിൽ ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ദുബായ് മീഡിയാ ഓഫിസ് തുടങ്ങിയവർ കാണിച്ച മികവ് അഭിനന്ദനാർഹമാണെന്നു അദ്ദേഹം കുറിച്ചു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തുറമുഖം സന്ദർശിച്ച് പ്രവർത്തനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
അതേസമയം പെട്ടെന്ന് അഗ്നിബാധിക്കുന്ന വസ്തുക്കളാണു കപ്പലിലുണ്ടായിരുന്നത്.130 കണ്ടെയ്നറുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലാണിത്. മറ്റു കപ്പലുകൾ ഉണ്ടായിരുന്നിടത്തു നിന്ന് അകലെയായിരുന്നു ഈ കപ്പൽ നങ്കൂരമിട്ടിരുന്നത്. കപ്പലിലെ അഗ്നിബാധ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാഷിദ് താനി അൽ മത്രൂഷിയും വ്യക്തമാക്കുകയും ചെയ്തു. ജബൽ അലി തുറമുഖത്തിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞ 40 വർഷമായി രാജ്യാന്തര വ്യാപാരത്തിലൂടെ ഗൾഫ് സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന തുറമുഖമാണ് ജബൽ അലി. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരുന്നു.
https://www.facebook.com/Malayalivartha


























