പ്രവാസികൾക്ക് പാരയായി ടിക്കറ്റ് നിരക്ക്; കേരളത്തിൽനിന്നുള്ള വിമാനങ്ങൾ യുഎഇയിലേക്കു പുറപ്പെടുന്നത് വിലക്കുകൾ നീക്കി ആഴ്ചകൾ പിന്നിട്ടിട്ടും നിറയെ യാത്രക്കാരുമായാണ്, യാത്ര പുറപ്പെടും മുൻപേ പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം...

രാജ്യാന്തര യാത്രക്കാർക്കുള്ള യുഎഇയുടെ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങിയിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ വൻ തിരക്കേറിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിലക്കുകൾ നീക്കി ആഴ്ചകൾ പിന്നിട്ടിട്ടും നിറയെ യാത്രക്കാരുമായാണ് കേരളത്തിൽനിന്നുള്ള വിമാനങ്ങൾ യുഎഇയിലേക്കു പുറപ്പെടുന്നത്. ടിക്കറ്റ് നിരക്ക് വർധന കാരണം പലരും യാത്ര വൈകിച്ചെങ്കിലും തിരക്കിനു യാതൊരുവിധ കുറവുമില്ല. ദുബായ് എക്സ്പോ അടുത്തമാസം ഒന്നിന് തുടങ്ങുന്നതോടെ വരും മാസങ്ങളിലും തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികൾ.
അതോടൊപ്പം തന്നെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റെഡ്, ഗ്രീൻ രാജ്യങ്ങൾക്ക് വ്യത്യസ്ത നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തോത് കുറയുന്നതിന് ആനുപാതികമായി നിബന്ധനകളിലും ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട് . നിലവിലെ നടപടിക്രമങ്ങൾ ഇങ്ങനെ.
യാത്ര പുറപ്പെടും മുൻപേ പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം...
- ദുബായ് വീസക്കാർ ജിഡിആർഎഫ്എയും മറ്റ് എമിറേറ്റ് വീസക്കാർ ഐസിഎ അനുമതിയും നേടിയിരിക്കണം. ടിക്കറ്റ് എടുക്കുന്ന ട്രാവൽ ഏജൻസികൾ തന്നെ സാധാരണ ഈ അനുമതി ഇത്തരത്തിൽ എടുക്കാറുണ്ട്. ഓൺലൈനിൽ ടിക്കറ്റെടുത്തവർ സ്വന്തം നിലയ്ക്ക് അനുമതി നേടിയിരിക്കണം.
- ഇതിനുപിന്നാലെ അംഗീകൃത ലാബിൽനിന്ന് യാത്രയ്ക്കു 48 മണിക്കൂറിനകം ആർടി പിസിആർ എടുക്കേണ്ടതാണ്. നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രം യാത്ര ചെയ്യാവുന്നതാണ്. ഈ പരിശോധന നടത്തിയവർ പിന്നീട് അനാവശ്യമായി പുറത്തുപോകുന്നതും സമ്പർക്കത്തിൽ ഏർപ്പെടുന്നതും ഒഴിവാക്കിയിരിക്കണം. അവസാന നിമിഷം രോഗം പകരുന്നത് ഇതുമൂലം തടയാൻ സാധിക്കും.
- വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി റാപ്പിഡ് പിസിആർ ടെസ്റ്റ് എടുത്ത് കോവിഡ് ഇല്ലെന്നു ഉറപ്പാക്കേണ്ടതാണ്. റാപ്പിഡ് ടെസ്റ്റിനായി എയർപോർട്ടിലെ പ്രസ്തുത കമ്പനിയുടെ വാട്സാപ്പിൽ പാസ്പോർട്ട് സ്കാൻ ചെയ്ത് അയച്ചാൽ ലഭിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി നടപടി പൂർത്തിയാക്കിയാൽ ക്യുആർ കോഡ് ലഭിക്കുന്നതാണ്. ഇതുകാണിച്ച് 2490 രൂപ അടച്ചാൽ സ്വാബ് എടുക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, കാഷ് എന്നീ മാർഗത്തിൽ പണമടയ്ക്കാം. കുറഞ്ഞത് 30–60 മിനിറ്റിനകം ഫലം പ്രിന്റ് ചെയ്ത് തരും.
- അതോടൊപ്പം തന്നെ 4 മണിക്കൂറിനകമുള്ള റാപ്പിഡ് ടെസ്റ്റ്, 48 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് ഫലം ഉറപ്പാക്കി മാത്രമേ ചെക്ക് ഇൻ അനുവദിക്കുകയുള്ളു. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലേക്ക് ക്യൂആർ കോഡ് സഹിതമുള്ള ഐസിഎ അനുമതി, ഗ്രീൻ ടിക് (പച്ച നിറത്തിലുള്ള അടയാളം) എന്നിവ ഉണ്ടോ എന്നും പരിശോധിക്കുന്നതാണ്. ആവശ്യമായ രേഖകൾ ശരിയാണെങ്കിൽ ബോർഡിങ് പാസ് ലഭിക്കുകയും ചെയ്യും.
- പിന്നാലെ യുഎഇ വിമാനത്താവളത്തിൽ എത്തിയാൽ ആദ്യം ആർടിപിസിആർ എടുക്കണം. നാട്ടിൽനിന്ന് എടുത്ത ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് പരിശോധനാ ഫലം ഇവിടെ ശേഖരിക്കുന്നതാണ്. തുടർന്ന് എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് എന്നിവ നൽകി റജിസ്റ്റർ ചെയ്ത ശേഷം പിസിആർ ടെസ്റ്റ് എടുത്താൽ നടപടി പൂർത്തിയായിരിക്കും. ശേഷം അൽഹൊസൻ ആപ്പിൽ ഫലം വരും. വാക്സീൻ എടുത്തു വരുന്നവർക്ക് ക്വാറന്റീനില്ല. തുടർച്ചയായി അബുദാബിയിൽ തുടരുന്നവർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ എടുക്കണം. പോസിറ്റീവ് ആണെങ്കിൽ മാത്രം 10 ദിവസം ക്വാറന്റീൻ ഉണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha


























