മഴക്കെടുതികള്‍ വ്യാപകമാകുന്നത് കണക്കിലെടുത്ത് ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു

മഴക്കെടുതികള്‍ വ്യാപകമാകുന്നത് കണക്കിലെടുത്ത് ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. മുന്‍കരുതലിനൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനാണിത്. ഒമാനിലും യുഎഇയിലും വരാനിരിക്കുന്നത് കൊടും ചൂടിന്റെ നാളുകളാണെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം ഒമാന്റെ വിവിധ മേഖലകളില്‍ സ്ഥാപിച്ചുവരികയാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇവയുടെ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ സംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ മേഖലകളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഉപഗ്രഹ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ റഡാര്‍ വഴി മഴ, ആലിപ്പഴ വര്‍ഷം, മൂടല്‍മഞ്ഞ്, ഇടിമിന്നല്‍ എന്നിവയുടെ തോത് മുന്‍കൂട്ടി മനസ്സിലാക്കാനാകും. മുന്നറിയിപ്പ് വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് ലഭ്യമാകും. ഒമാനില്‍ മുന്‍വര്‍ഷങ്ങളിലും കാലവര്‍ഷക്കെടുതികള്‍ വ്യാപകമായിരുന്നു.
2003 മുതലുള്ള കണക്കനുസരിച്ച് മഴക്കെടുതികളില്‍ 93 പേര്‍ മരിച്ചു. വന്‍ നാശ നഷ്ടങ്ങളുമുണ്ടായി. ഇത്തവണത്തെ മഴയില്‍ എട്ടു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2003ലെ വെള്ളപ്പൊക്കത്തില്‍ മാത്രം 20 പേരാണ് മരിച്ചത്. 2007ലെ ഗോനു ചുഴലിക്കാറ്റില്‍ 49ഉം 2010ലെ സൈക്ലോണ്‍ ഫെച്ചില്‍ ആറു പേരുമാണ് മരണപ്പെട്ടത്. ഇത്തവണത്തെ മഴയ്ക്ക് വിരാമമിടുമ്പോള്‍ വരാനിരിക്കുന്നത് കടുത്ത ചൂടുകാലമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ഓര്‍മപ്പെടുത്തുന്നു.
ഏപ്രില്‍ അവസാന വാരം തുടങ്ങുന്ന ചൂട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെയ് മാസത്തെ ചുട്ടുപൊള്ളിക്കും. യുഎഇയിലും ഒമാനിലും ചൂടുള്ള വരണ്ട കാലാവസ്ഥയായിരിക്കുമെന്നും മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ ചൂട് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha