മഹാ അത്ഭുതങ്ങളുടെ നാട്ടില്‍ വിസ്മയമായി വാനോളം ഉയരത്തില്‍ പടികള്‍

അദ്ഭുതങ്ങളുടെ മഹാനഗരമായ ദുബായില്‍ മറ്റൊരു വിസ്മയ പദ്ധതി കൂടി അണിയറയില്‍ ഒരുങ്ങുന്നു. കായിക പ്രേമികളെ ലക്ഷ്യമിട്ട് വാനോളം ഉയരത്തില്‍ പടികള്‍ നിര്‍മിക്കുന്ന ദുബൈ സ്‌റ്റെപ്‌സ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദുബൈ നഗരസഭ അറിയിച്ചു.
നിര്‍മാണം ആരംഭിച്ചാല്‍ ഒരുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് നഗരസഭ പ്‌ളാനിങ് എന്‍ജിനിയറിങ് വിഭാഗം അസി. ഡയറക്ടര്‍ പറഞ്ഞു.
തുറസായ സ്ഥലത്ത് നിര്‍മിക്കുന്ന 100 മീറ്റര്‍ ഉയരത്തിലുള്ള 500ഓളം പടികളാണ് പദ്ധതിയുടെ പ്രത്യേകത.
കായിക പ്രേമികള്‍ക്ക് ഈ പടികള്‍ കയറിയിറങ്ങി ശാരീരികക്ഷമത നിലനിര്‍ത്താം. അഞ്ചിടത്ത് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കും.
ഏറ്റവും മുകളിലും പദ്ധതിയുടെ ചുറ്റുഭാഗത്തും കായിക വ്യായാമങ്ങള്‍ക്കും സൗകര്യമുണ്ടാകും. ലോകത്താദ്യമാണ് ഇത്തരമൊരു പദ്ധതി. പണി പൂര്‍ത്തിയായാല്‍ ദുബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി പദ്ധതി മാറുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്. പ്രത്യേക തരത്തിലുള്ള രൂപകല്‍പനയായിരിക്കും പദ്ധതിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കായി ദുബൈയിലെ നിരവധി സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ട്. യൂനിയന്‍ സ്‌ക്വയര്‍, ബനിയാസ് സ്‌ക്വയര്‍, ദുബൈ ക്രീക്ക്, മറീന എന്നിവയാണ് പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
സഅബീല്‍ പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ദുബൈ ഫ്രെയിം പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ദുബൈ സ്‌റ്റെപ്‌സ്. ദുബൈ ഫ്രെയിമിന് 50 നില കെട്ടിടത്തിന്റെ ഉയരമുണ്ടാകും. എന്നാല്‍ ദുബൈ സ്‌റ്റെപ്‌സിന് 25 നില കെട്ടിടത്തിന്റെ ഉയരമേ കാണൂ. ദുബൈ സ്‌റ്റെപ്‌സിനോട് ചേര്‍ന്ന പാര്‍ക്കില്‍ വിവിധ പരിപാടികള്‍ക്കും ഒത്തുകൂടലുകള്‍ക്കും സൗകര്യമുണ്ടാകും. നിരവധി കളിയുപകരണങ്ങള്‍ നഗരസഭ ഇവിടെ സ്ഥാപിക്കും.
https://www.facebook.com/Malayalivartha