ഖത്തര്‍ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്; മലയാളികളടക്കം നിരവധി പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നു

ഖത്തറില്‍ നിന്നും മലയാളികളടക്കം നിരവധി വിദേശികള്‍ കൂട്ടത്തോടെ വിട്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റൂമതി രാജ്യമായ ഖത്തര്‍ ഇപ്പോള്‍ കടക്കെണിയിലാണെന്നും ഖത്തറിലെ 25 ലക്ഷം വിദേശികള്‍ ജോലി ഭീഷണിയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ജൂലൈ 18 ന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സിന് വാര്‍ത്തയ്ക്ക് പിന്നാലെ ഗള്‍ഫ് ന്യൂസും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും, യൂറോപ്പില്‍ നിന്നും ഉള്ള പലരും ജോലി നഷ്ടപെട്ടു അവരവരുടെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്ലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നു. ഖത്തറിലെ ഒട്ടുമിക്ക കമ്പനികളും ആശ്രയിക്കുന്നത് ഖത്തര്‍ ഗവണ്‍മെന്റിന്റെ കരാറുകളാണ്. എന്നാല്‍ ഈ കമ്പനികള്‍ക്കുള്ള കരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കു മാത്രമല്ല , ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ദ എഞ്ചിനീയര്‍മാരുടേയും, കണ്‍സള്‍ട്ടന്റ്മാരുടേയും ശമ്പളം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ആഘാതം കോടീശ്വരന്മരായ ഖത്തര്‍ പൗരന്‍മാര്‍ മുതല്‍ താഴെക്കിടയിലുള്ള പ്രവാസി തൊഴിലാളികളെ വരെ ബാധിച്ചിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയത്തില്‍ നിന്നു ഈ വര്‍ഷം ആയിരം പേരെ പിരിച്ചുവിട്ടതായി അവരുടെ മന്ത്രി തന്നെ പറയുന്നു.
അറബ് ലോകത്തിന്റെ തന്നെ അഭിമാനമായ അല്‍ ജസീറ ടിവി അവരുടെ അമേരിക്കന്‍ വാര്‍ത്ത ചാനല്‍ തന്നെ നിര്‍ത്തി. ദോഹയില്‍ നിന്നുള്ള അഞ്ഞൂറു ജീവനക്കാരെ പുറത്താക്കി. വൊഡോഫോണിന്റെ ഖത്തര്‍ സ്ബ്‌സിഡയറി കമ്പനി പത്തു ശതമാനം പേരെ ഉടനടി പറഞ്ഞ് വിടും എന്നു പ്രഖ്യാപിച്ചിരിക്കുകയാണു. മൂന്നു വന്‍കമ്പനികളുടെ സിഇഒ റോയിട്ടേഴ്‌സിനോട് പതിനായിരം വൈറ്റ് കോളര്‍ ജോലിക്കാരെ പറഞ്ഞുവിട്ടതായി സമ്മതിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തറില്‍ നിന്നു പോകുന്ന വിദേശികളുടെ ഒരു ഫേസ് ഗ്രുപ്പ് തുടങ്ങിയിരുന്നു. കാറുകളൂം പഴയ ഫര്‍ണിച്ചറും വില്‍ക്കാനായിരുന്നു ഇത്. ഇതില്‍ ഇപ്പൊള്‍ അമ്പതിനായിരത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടു, ഓരോ മണിക്കൂറിലും ഇത് പുതിയ സാധനങ്ങള്‍ വില്‍ക്കാനുണ്ടു എന്ന് രീതിയില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
ആളോഹരി വരുമാനത്തിലെ വന്‍ ഉയര്‍ച്ച കൊണ്ടു ശ്രദ്ധ നേടിയ രാജ്യമായിരുന്നു ഖത്തര്‍, പക്ഷെ ഇന്നു അവരുടെ ബഡ്ജറ്റ് 12.8 ബില്ല്യണ്‍ ഡോളറീന്റെ കമ്മിയിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ചരിത്രമെടുത്തു നോക്കിയാല്‍ ഖത്തര്‍ എന്ന രാജ്യത്തിനു കടം വരുന്നത് ഇത് ആദ്യമാണ്. 2022 ലെ വേള്‍ഡ് കപ്പോടു കൂടി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍കുതിച്ചു ചാട്ടം നടക്കും എന്നാണു കരുതിയിരുന്നത്. എന്നാല്‍ വരുന്ന പത്തിലധികം മാളുകള്‍ ചിലവാകാന്‍ റെന്റ് കുറയ്‌കേണ്ടിവരുമെന്നാണു ഇപ്പോള്‍ കണക്കുകൂട്ടുന്നത്. നിരവധി ഫ്‌ലാറ്റൂകളും നിര്‍മ്മാണത്തിലിരിക്കുന്നുണ്ട്. അതിനും ഈ ഗതി തന്നെയാണു വരാന്‍ പോകുന്നതെന്നാണു ഈ രംഗത്തെ വിദഗ്ദര്‍ അനുമാനിക്കുന്നത്.
എന്നാല്‍ ഈ കൂട്ട പാലായനത്തില്‍ നിന്നു കാശുണ്ടാക്കുന്ന ചിലരുണ്ട്. സെക്കന്റ് ഹാന്റ് കാറുകള്‍ വാങ്ങിക്കൂട്ടുന്നവരാണു ഒരു കൂട്ടര്‍, അവര്‍ ചുളുവിലയ്ക്ക് നാടു വിടുന്ന വിദേശികളുടെ കാറുകള്‍ വാങ്ങിക്കുന്നു, എന്നിട്ടു ഏഷ്യയിലെ മാര്‍ക്കറ്റിലേയ്ക്ക് കയറ്റൂമതി ചെയ്യുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ വിദേശ കാറുകള്‍ക്ക് വന്‍ ഡിമാന്റാണു. ഇവിടെ ആഡംബര കാറുകളായ ബെന്റ്‌ലി, പോര്‍ഷെ, ഒക്കെ ധാരാളം വില്‍പനക്കു വരുന്നുണ്ട്, ഞങ്ങള്‍ക്കിത് ചാകരയാണു ഒരു കാര്‍ ഡീലര്‍ പറയുന്നു. അങ്ങനെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്കൊഴികെ ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതി അനുകൂലമല്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha