രക്ഷകന് ദാരുണാന്ത്യം, എമിറൈറ്റ്‌സ് വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തകന്‍ മരിച്ചത് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയതിനു ശേഷം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറൈറ്റ്‌സ് വിമാനം കത്തിയമര്‍ന്ന സംഭവത്തില്‍ മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിക്കാന്‍ സഹായിച്ച അഗ്‌നിശമന സേനാംഗം മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 300 ഓളം യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുഎഇ സ്വദേശിയായ അഗ്‌നിശമന സേനാംഗം ജാസിം ഇസാ മൊഹമ്മദ് മരിച്ചത്. 282 യാത്രക്കാരും 18 വിമാന ജോലിക്കാരും ഉള്‍പ്പെടെ 300 പേരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനത്തിന്റെ മുന്‍ ഭാഗത്തു തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ മുഴുവനും പുറത്തിറക്കുന്നതിനു സഹായിക്കുന്നതിനിടെയാണ് ജാസ്സിം മരണത്തിനു കീഴടങ്ങിയത്.
തുടക്കത്തില്‍ ആളപായം ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇദ്ദേഹത്തിന്റെ മരണ വിവരം വൈകിയാണ് അധികൃതര്‍ പുറത്തുവിട്ടത്. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 282 യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. യു.കെ-24, യു.എ.ഇ-11, യു.എസ്-6, സൗദി അറേബ്യ-6, തുര്‍ക്കി-5,അയര്‍ലന്‍ഡ്-4, ഓസ്‌ട്രേലിയ-2, ബ്രസീല്‍-2, ജര്‍മനി-2 മലേഷ്യ-2 തായ്‌ലന്‍ഡ്-2 ഉം ക്രൊയേഷ്യ, ഈജിപ്ത്, ബോസ്‌നിയ, ലെബനാന്‍ ഫിലിപ്പിന്‍സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ടുണീഷ്യ എന്നിവടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഉണ്ടായിരുന്നത്.
വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നീ വിമാനത്താവളത്തില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദാക്കിയത്.ഇതേ വിമാനത്താവളങ്ങളില്‍നിന്നു പുറേെപ്പടണ്ട മറ്റു ചില വിമാനങ്ങള്‍ വൈകുമെന്നും എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു. ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കിയത്.
ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി രക്ഷപ്പെട്ടത് വന്‍ദുരന്തമൊഴിവാക്കി. രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്. റണ്‍വേയിലേക്ക് ചാടുന്നതിനിടെ പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് ചെയ്ത് ഏറെക്കഴിയും മുമ്പേ വിമാനം പൂര്‍ണമായും കത്തിനശിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെടെര്‍മിനല്‍ മൂന്ന് അടച്ചിട്ടിരിക്കുകയാണ്. എമിറേറ്റ്‌സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലായത് കൊണ്ടാണ് അടച്ചിട്ടിരിക്കുന്നത്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha