അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറാതെ മലയാളികള്‍, 2 മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം സംഭവിച്ചു, ജീവന്‍ തിരിച്ചു കിട്ടിയത് ദൈവാധീനം കൊണ്ട് മാത്രം

ഒരു മാസം മുന്‍പു ഭാര്യയേയും മക്കളെയും അവധിക്കായി നാട്ടിലെത്തിച്ച ശേഷം മടങ്ങിയ ഷാജി അവരെ തിരികെ കൊണ്ടു പോകുന്നതിനായി കഴിഞ്ഞ 29നു ആണു പല്ലാരിമംഗലത്തെ വീട്ടിലെത്തിയത്. പുലര്‍ച്ചെ തിരികെ ദുബായിലേക്കു പുറപ്പെട്ട വിമാനം ദുബൈയില്‍ ഇറങ്ങുന്ന സമയത്താണ് വിമാനത്തിന് തീപിടുത്തമുണ്ടായി വിമാനം മുഴുവന്‍ കത്തിയമര്‍ന്നത്. പൈലറ്റിന്റെയും മറ്റു സ്റ്റാഫുകളുടെയും സമയോചിതമായ പ്രവര്‍ത്തനമാണു യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.വിമാനത്തിന്റെ എല്ലാ എമര്‍ജന്‍സി വാതിലുകളും തുറന്നു യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.എന്നാല്‍ കുടയംബത്തിലെയും വിമാനത്തിലെയും എല്ലാവര്‍ക്കും പുനര്‍ജന്മം കിട്ടിയതിന്റെ വലിയ ആശ്വാസമാണു മനസില്‍ നിറയുന്നതെന്നും ഷാജി പറഞ്ഞു.
ഷാജിക്കും കുടുംബാംഗങ്ങള്‍ക്കും ഞെട്ടല്‍ ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. ദൈവകൃപയാല്‍ ജീവിതം തിരിച്ചു കിട്ടി, അതില്‍ കൂടുതല്‍ എന്തുപറയാന്‍ എന്നായിരുന്നു ഷാജിയുടെ ആദ്യ പ്രതികരണം. മക്കളായ ഷെറിന്‍, ശ്രേയ, ശ്രദ്ധ എന്നിവരെയാണു ആദ്യം ഞാന്‍ വാതിലിലൂടെ പുറത്തേക്കു ചാടാന്‍ അനുവദിച്ചത്, തുടര്‍ന്നു ഭാര്യ റീന പുറത്തേക്കു ചാടി. ചാടിയിറങ്ങുന്നതിനിടയില്‍ റീനയുടെ കാല്‍മുട്ടിനു നിസാര പരുക്കേറ്റു. അവസാനം ഷൂസു പോലും ഇല്ലാതെയാണ് ഞാന്‍ ചാടിയത്.
വൈകുന്നേരത്തോടെ ഷാജി നാട്ടിലേക്കു ഫോണില്‍ വിളിച്ചു തങ്ങള്‍ സുരക്ഷിതരാണെന്നു മാതാവ് അമ്മിണിയെ അറിയിച്ചതോടെ വിമാനാപകടനം അറിഞ്ഞ വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും സമാധാനമായി.
വര്‍ഷങ്ങളായി ദുബായിലെ മൈതാനില്‍ ഉദ്യോഗസ്ഥനായ ജിജി അവധി കഴിഞ്ഞ് കുടുംബ സമേതം ദുബായിലേയ്ക്ക് വരുന്ന സമയത്താണ് അപകടം നടന്നത്.
വിമാനം ദുബായില്‍ ഇറങ്ങാനുള്ള അറിയിപ്പ് ലഭിച്ചു. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ച് തയ്യാറായി. പെട്ടെന്നാണ് വിമാനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് പുക അകത്തേയ്ക്ക് കയറിയത്. എന്താണെന്നറിയാതെ പരിഭ്രാന്തരായ പലരും എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ചു. ചിലര്‍ മുന്‍ഭാഗത്തെ വാതിലിലൂടെ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ആ ഭാഗത്ത് നിന്നാണ് പുക വരുന്നത് എന്നതിനാല്‍ അതുവഴി ഇറങ്ങാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. പിന്‍വശത്തെ വാതിലിലൂടെയും എമര്‍ജന്‍സി എക്‌സിറ്റിലൂടെയുമാണ് യാത്രക്കാരെല്ലാം 90 സെക്കന്‍ഡുകള്‍ കൊണ്ട് പുറത്തിറങ്ങിയത്.
പുറത്തിറങ്ങി രക്ഷപ്പെടാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യമായ സഹായമുണ്ടായിരുന്നു. എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ സ്ത്രീകളും കുട്ടികളും പ്രായമുള്ള യാത്രക്കാരുമാണ് ഏറെ പ്രയാസമനുഭവിച്ചത്. പുറത്തിറങ്ങിയ ഉടന്‍ എല്ലാവരും നിലവിളിച്ചുകൊണ്ട് ദൂരത്തേക്ക് ഓടുകയായിരുന്നു. അനുനിമിഷം വന്‍ പൊട്ടിത്തെറി കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഗോളം ഉയരുന്നത് കണ്ടു'- ഇത് പറയുമ്പോഴും പത്തനംതിട്ട റാന്നി സ്വദേശി ജിജിയുടെ കണ്ണുകളില്‍ നിന്ന് ഭീതി വിട്ടുമാറിയിരുന്നില്ല.ശാരീരികാസ്വാസ്ഥ്യമുണ്ടായവരെ വീല്‍ചെയറിലാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്. യാത്രക്കാരെ കാത്ത് വിമാനത്താവളത്തിന് പുറത്ത് ആശങ്കയോടെ ബന്ധുക്കള്‍ നിന്നിരുന്നു. കൂടാതെ, ലോകത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടര്‍മാരടക്കം ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും കാത്തുനിന്നു. എന്നാല്‍, യാത്രക്കാര്‍ മാധ്യമങ്ങളോട് വിശദമായി സംസാരിക്കാന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha