ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതം അനുഭവിച്ചവര്‍ക്ക് സൗദി രാജാവിന്റെ നന്മനിറഞ്ഞ സഹായഹസ്തം; പ്രവാസികള്‍ക്ക് സല്‍മാന്‍ രാജാവിന്റെ വക 10 കോടി റിയാല്‍

മാസങ്ങളോളം ശമ്പളവും ഭക്ഷണവുമില്ലാതെ സൗദി അറേബ്യയില്‍ ബുദ്ധിമുട്ടുന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ക്ക് സഹായവുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രംഗത്ത്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 10 കോടി റിയാല്‍ അനുവദിച്ചു. ശമ്പളം കൊടുക്കാത്ത കമ്പനികള്‍ക്കെതിരേ നടപടിയുമുണ്ടാകും.
നിരവധി പരാതികള്‍ വരികയും രാജ്യാന്തര തലത്തില്‍ ഇടപെടലുണ്ടാവുകയും ചെയ്തപ്പോഴാണ് പ്രശ്‌നപരിഹാരത്തിന് രാജാവ് നേരിട്ട് ഇടപെട്ടത്. തൊഴിലാളികളുടെ ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കാത്ത നിര്‍മാണ കമ്പനികള്‍ക്കു സര്‍ക്കാര്‍ പ്രവൃത്തിയിനത്തില്‍ നല്‍കാനുള്ള പണം നല്‍കില്ല. ജീവനക്കാരുടെ ശമ്പള കുടിശിക പൂര്‍ണമായി നല്‍കിയെന്നുറപ്പു വരുത്തിയ ശേഷമായിരുന്നു ഇവ നല്‍കുക.
അനുവദിച്ച 10 കോടി റിയാല്‍ സൗദി അറബ് ഫണ്ടില്‍ നിക്ഷേപിക്കുകയായിരിക്കും ചെയ്യുക. സൗദി ഓജര്‍, സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പുകളിലാണ് തൊഴിലാളി പ്രശ്‌നം ആരംഭിച്ചത്. പിന്നീട് നിരവധി കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ പിടിച്ചുവയ്ക്കുകയോ ആയിരുന്നു. നിര്‍മാണ മേഖലയിലാണു പ്രധാനമായും പ്രതിസന്ധി രൂപപ്പെട്ടത്.
പതിനായിരത്തോളം ഇന്ത്യക്കാര്‍ ശമ്പളം കിട്ടാതെ സൗദിയില്‍ കഴിയുന്നുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെയാണു രാജ്യാന്തര തലത്തില്‍ ഇടപെടലുണ്ടായത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് സൗദിയിലേക്കു പോവുകയും ചെയ്തിരുന്നു. ശമ്പളവും ഭക്ഷണവുമില്ലാതെ നിരവധി തൊഴിലാളികള്‍ ദുരിതത്തിലാണെന്നും റിപ്പോര്‍ട്ടു വന്നിരുന്നു.
ദുരിതത്തിലായ തൊഴിലാളികളുടെ താമസപ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കണമെന്നും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയവര്‍ക്കുള്ള സര്‍ക്കാരിന്റെ സഹായം നേരിട്ടായിരിക്കും നല്‍കുക. തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള എല്ലാ സഹായവും നല്‍കണമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിനോടും രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മടക്കത്തിനുള്ള പണം തൊഴില്‍ ദാതാവില്‍നിന്നായിരിക്കും ഈടാക്കുക.പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ഒമ്പതു മാസമായി ശമ്പളം മുടങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്കും മറ്റ് കമ്പനികളിലേക്ക് മാറുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് കരാര്‍ തുക നല്‍കുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടോയെന്ന് തൊഴില്‍ വകുപ്പില്‍ നിന്ന് ഉറപ്പുവരുത്തണമെന്നും ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികളോട് വിട്ടു വീഴ്ചയുണ്ടാവരുതെന്നും രാജാവ് നിര്‍ദേശിച്ചു.പ്രതിസന്ധിയിലായ തൊഴിലാളികളുടെ താമസം, ഭക്ഷണം എന്നിവ എത്രയും വേഗം പരിഹരിക്കാനും സ്വദേശത്തേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ സൗദി എയര്‍ലൈന്‍സില്‍ സൗജന്യമായി നാട്ടിലത്തെിക്കാനും തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തി. തിരിച്ചു പോകുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിയമ നടപടികളിലൂടെ ലഭ്യമാക്കി അവരുടെ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം.
ഏതെങ്കിലും ക്യാമ്പുകളില്‍ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ടെങ്കില്‍ പുനഃസ്ഥാപിക്കണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യന്‍ അംബാസഡറെയും മറ്റ് രാജ്യങ്ങളുടെ അംബാസഡര്‍മാരെയും പ്രത്യേകം അറിയിക്കണം. ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍വെക്കണമെന്നും തൊഴില്‍ മന്ത്രിക്ക് നല്‍കിയ രാജ നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha