മുന്നൂറോളം സര്‍വീസുകള്‍ അല്‍ മക്തൂമിലേക്ക്

അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം മൂന്നുമാസത്തേക്ക് എമിറേറ്റിലെ യാത്രാവിമാനങ്ങള്‍ക്ക് താത്കാലിക താവളമാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ നവീകരണത്തിനായി അടച്ചിടുന്നതിനാല്‍ ബദല്‍ സംവിധാനമെന്ന നിലയ്ക്ക് സര്‍വീസുകള്‍ അല്‍ മക്തൂമിലേക്ക് മാറ്റാനാണ് തീരുമാനം. ഫ്ലൈ ദുബായ് അടക്കമുള്ളവ അല്‍ മക്തൂമിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മെയ് ഒന്നുമുതല്‍ ജൂലായ് 20 വരെയാണ് രണ്ട് ഘട്ടങ്ങളിലായി റണ്‍വേകള്‍ നവീകരണത്തിനായി അടയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ മെയ് 31 വരെ തെക്കുഭാഗത്തുള്ള റണ്‍വേയും തുടര്‍ന്ന് ജൂലായ് 20 വരെ വടക്കുഭാഗത്തുള്ള റണ്‍വേയും അടച്ചിടും. നവീകരണ വേളയില്‍ അതത് റണ്‍വേകളിലെ സര്‍വീസുകള്‍ പൂര്‍ണമായും അല്‍ മക്തൂമിലേക്ക് മാറ്റുകയാണ് ചെയ്യുക. ആഴ്ചയില്‍ ഏകദേശം മുന്നൂറോളം സര്‍വീസുകള്‍ അല്‍ മക്തൂം കേന്ദ്രമായി നടക്കുമെന്നാണ് കരുതുന്നത്.
മെയ് ഒന്നിന് സര്‍വീസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി തൊട്ടുതലേദിവസം ഡിനാട്ട തങ്ങളുടെ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും അല്‍ മക്തൂമില്‍ സ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യാര്‍ഥം എയര്‍ഷോ കെട്ടിടവും ഉപയോഗപ്പെടുത്തുന്നുണ്ട്. ദുബായ് ലക്ഷ്യമാക്കി വരുന്ന യാത്രക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള സൗകര്യം ഈ കെട്ടിടത്തിന് അകത്തായിരിക്കും ഒരുക്കുക. എന്നാല്‍ കണക്ഷന്‍ ഫ്ലൈറ്റില്‍ കയറേണ്ടവരെ ദുബായ് വിമാനത്താവളത്തിലേക്ക് പറഞ്ഞയയ്ക്കും. ഇരു വിമാനത്താവളങ്ങള്‍ക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നതിന് ആഢംബര ബസ്സുകള്‍ രംഗത്തിറക്കുമെന്നും ഡാമിയന്‍ ബോള്‍ട്ടന്‍ പറഞ്ഞു.
നവീകരണ കാലയളവില്‍ മൊത്തം വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ 26 ശതമാനം കുറവ് വരുത്തും. എന്നാല്‍ ഓരോ വിമാനവും പരമാവധി യാത്രക്കാരെയും വഹിച്ചുകൊണ്ട് സര്‍വീസുകള്‍ നടത്തുന്നതിനാല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് അനുഭവപ്പെടാന്‍ ഇടയില്ലെന്നും നിരീക്ഷിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha