റിയാദിലെത്തിയ പതിനാറ് മലയാളികള്‍ ദുരിതത്തില്‍

ഹോട്ടലിലേക്ക് ജോലിക്കെന്ന പേരിലും പാര്‍ട്‌ണര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞും റിയാദിലെത്തി 16 മലയാളികള്‍ ആറു മാസമായി ദുരിതത്തില്‍. റിയാദില്‍ സ്വദേശികള്‍ക്കായി ഹോട്ടല്‍ നടത്തുന്ന മലയാളിയാണ് മറ്റൊരു സൗദിയുടെ പേരിലെടുത്ത വിസയില്‍ ഇവരെ കൊണ്ടു വന്നത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദുരിതത്തിലായ മലയാളികള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സും മറ്റും കഴിഞ്ഞ് നാട്ടില്‍ ജോലി ചെയ്‌തിരുന്ന പരിചയസമ്പത്തുളളവരെയാണ് മലയാളി കൊണ്ടുവന്നത്. വിസക്കായി ഇവരില്‍ നിന്ന് 1.20 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുളളവരെ കച്ചവടത്തില്‍ പാര്‍ട്‌ണറാക്കാം എന്നു പറഞ്ഞ് അഞ്ചു ലക്ഷം വരെ വാങ്ങിയതായും പറയുന്നു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ്,കോട്ടയം ജില്ലകളില്‍ നിന്നുളളവരാണ് തട്ടിപ്പിനിരയായത്.
സൗജന്യമായി നല്‍കിയ വിസക്ക് ഇത്രയും വലിയ തുക ഈടാക്കിയ മലയാളിയോട് മുഴുവന്‍ പൈസയും വാങ്ങുമെന്ന് സ്‌പോണ്‍സര്‍ പറയുന്നു. വിസക്കുളള തുകക്ക് പുറമെ റിയാദിലെത്തിയ ഉടന്‍ ഇഖാമക്കെന്ന് പറഞ്ഞ് ഒരു മലപ്പുറം സ്വദേശിയില്‍ നിന്ന് 3000 റിയാലും വാങ്ങിയിരുന്നു. നിലവില്‍ എക്‌സിറ്റ് 18 ന് അടുത്തുളള താമസസ്ഥലത്ത് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവര്‍ കഴിയുന്നത്. കെ.എം.സി.സി സൈബര്‍ വിങ് പ്രവര്‍ത്തകരാണ് താല്‍ക്കാലികമായി ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ നൂറൂദീന്‌ഡ കൊട്ടിയം, ഇവരോടൊപ്പം ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുന്നതിനും മറ്റ് നിയമസഹായങ്ങള്‍ക്കും കൂടെയുണ്ട്. ഇവരുടെ പരാതി ഫയലില്‍ സ്വീകരിച്ച ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം മേധാവി രണ്ട് ദിവസത്തിനകം ഉചിതമായ നടപടിയെടുക്കുമെന്നറിയിച്ചു.
https://www.facebook.com/Malayalivartha