ശിശുസൗഹൃദ സുരക്ഷ ഒരുക്കി ദുബായിയിൽ പുതിയ പെട്രോളിംഗ് ടീം

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ സഹായിക്കുന്നതിനും ദുബായ് പൊലീസും കുട്ടികളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി പുതിയ കളര്‍ പട്രോളിന് ദുബൈ പൊലീസ് രൂപം നല്‍കിയതായി റിപ്പോർട്ടുകൾ. ദുബായ് പോലീസിലെ മനുഷ്യാവകാശ വകുപ്പാണ് പുതിയ പെട്രോളിംഗ് ടീമിന് രൂപം നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ദുബായ് പൊലീസിനെ സഹായിക്കുന്നതും ഇവരുടെ ചുമതലയാണ്. കുട്ടികള്‍ക്ക് പോലീസിനോടുള്ള മാനസിക അകല്‍ച്ച ഇല്ലാതാക്കാന്‍ ഈ പുതിയ പെട്രോളിംഗ് സംവിധാനം വഴി കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.
പല നിറങ്ങളുള്ള വാഹനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് എതിര്‍ ദിശയിലായി കുട്ടികള്‍ക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നു. പെയിന്‍റിങുകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവയൊക്കെ ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുമുണ്ട്.
വിനോദത്തിന് ഗെയിമുകള്‍ കളിക്കാനുളള സംവിധാനങ്ങളും ഇതിലുണ്ട്. ശിശുസൗഹൃദ സുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























