ദുബായില്‍ ഇത്തവണയും പീരങ്കികള്‍ മുഴങ്ങും; നോമ്പുതുറ സമയമറിയിക്കാൻ നിരത്തുകളിൽ പീരങ്കികള്‍ സജ്ജമായി

റംസാന്‍ മാസത്തില്‍ ദുബായില്‍ ഇഫ്താറിന്റെ സമയമറിയിക്കാന്‍ ഇത്തവണയും പീരങ്കികള്‍ മുഴങ്ങുമെന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ച് ദുബായ് പോലീസ് വിവിധയിടങ്ങളില്‍ പീരങ്കികള്‍ സജ്ജീകരിച്ചതായി അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സഈദ് അല്‍ മര്‍റി അറിയിച്ചു.
അഞ്ചു പീരങ്കികളാണ് നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഇഫ്താറിന്റെ വരവറിയിച്ച് അഞ്ചു പീരങ്കികളും ഓരോ വെടിയുതിര്‍ക്കും. റംസാന്‍ മാസം തുടങ്ങുമ്പോഴും മാസപ്പിറവി കണ്ട ശേഷം ചെറിയ പെരുന്നാള്‍ അറിയിക്കാനും പീരങ്കികള്‍ രണ്ടു പ്രാവശ്യം വീതം വെടിയുതിര്‍ക്കും. വെടിപൊട്ടിക്കുമ്പോഴുള്ള ശബ്ദം പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കു കേള്‍ക്കാം.
എല്ലാ വര്‍ഷവും പീരങ്കി മുഴങ്ങാറുള്ള ദേര മുസല്ല, മംസാര്‍, കറാമ, ബുര്‍ജ് ഖലീഫ എന്നിവിടങ്ങള്‍ക്ക് പുറമെ ഈ വര്‍ഷം മുതല്‍ സിറ്റി വാക്കിലും മദീനത്ത് ജുമൈറയിലും പീരങ്കി വെടിയുതിര്‍ക്കും.
പീരങ്കികള്‍ സ്ഥാപിക്കാനും കൃത്യമായി വെടിയുതിര്‍ക്കാനും മറ്റുമായി 20 പേരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. പുണ്യമാസമായ റംസാനില്‍ പിന്തുടര്‍ന്ന് പോരുന്ന പ്രധാന പാരമ്പര്യം മാത്രമല്ല ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകകരമായ കാഴ്ചകൂടിയാണ് ഈ പീരങ്കികള്‍.
ബ്രിട്ടീഷ് നിര്‍മ്മിത പി ഡി ആര്‍ എം കെ 1 എല്‍ പീരങ്കികളാണ് നോമ്പുതുറ സമയമറിയിക്കുക. ക്ലാസിക് ലാന്‍ഡ് റോവര്‍ വാഹനങ്ങളും പ്രത്യേക യൂണിഫോമുമാണ് വെടിയുതിര്‍ക്കാനെത്തുന്ന സംഘം ഉപയോഗിക്കുക.
https://www.facebook.com/Malayalivartha


























