സില്‍ക്ക് റൂട്ട് പാത പുനരുജ്ജീവിപ്പിക്കുന്നു; ചൈനയുമായുള്ള ധാരണാപത്രത്തിൽ ഒമാന്‍ ഒപ്പിട്ടു

ചൈനയുടെ നേതൃത്വത്തിലുള്ള സില്‍ക്ക് റൂട്ട് പദ്ധതിയില്‍ ഒമാനും ഭാഗമായതായി റിപ്പോർട്ടുകൾ. ചൈന സന്ദര്‍ശനത്തിന് എത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ഇതുസംബന്ധിച്ച ധാരണപ്പത്രത്തില് ഒപ്പുവെച്ചു. സില്‍ക്ക് റോഡ് പദ്ധതിയുടെ ചട്ടകൂടില്നിന്നുള്ള സഹകരണവുമായി ബന്ധപ്പെട്ടാണ് കരാര്‍ ഒപ്പുവെച്ചത്.
മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങളും യൂറോപ്പുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ചൈനയുടെ നേതൃത്വത്തിലാണ് പൗരാണിക വ്യാപാര പാതയായ സില്‍ക്ക് റൂട്ട് (പട്ടുപാത) പുരുജ്ജീവിപ്പിക്കുന്നത്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് എന്നും അറിയപ്പെടുന്ന പദ്ധതിയില്‍ നേപ്പാളും പാകിസ്താനുമടക്കം രാജ്യങ്ങള്‍ പങ്കാളികളാണ്.
എന്നാല്‍, പദ്ധതിയില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയാണ്. പാക്കധീന കശ്മീരിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പിന്മാറ്റം. 21ാം നൂറ്റാണ്ടിലെ സില്‍ക്ക്റോഡ് പദ്ധതിയുടെ ഭാഗമായി മേഖലകളെ ബന്ധിപ്പിച്ച് റെയില്‍-റോഡ് ഗതാഗത ശൃംഖലകള്‍ സ്ഥാപിക്കും. പുതിയ സമുദ്രപാതകള്‍ക്ക് രൂപം നല്‍കുകയും തുറമുഖങ്ങളും ഉൗര്ജനിലയങ്ങളും സ്ഥാപിക്കുകയും ചെയ്യും.
അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പദ്ധതികളിലെ നിക്ഷേപമാണ് പട്ടുപാത കൊണ്ട് ലക്ഷ്യമിടുന്നത്. ഏഷ്യ-യൂറോപ്പ്-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലായി ഏകദേശം ആറായിരത്തിലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് ഇത്. ഒമാനിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം എത്താന്‍ ഇത് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha


























