മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു.... അടുത്ത 12 മണിക്കൂറിനുള്ളില്‍ തീരത്ത് അതിശക്തമായി വീശിയടിക്കുമെന്ന മുന്നറിയിപ്പ്.... ഒമാനിലെ വിമാനത്താവളം അടച്ചു

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം പ്രാപിച്ച മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ ഒമാന്‍ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ ദൂരത്തിലുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ തീരത്ത് അതിശക്തമായി വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമാനിലടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജാഗ്രത ശക്തമാക്കി. മണിക്കൂറില്‍ 170 മുതല്‍ 230 വരെ കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറത്തേക്ക് സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. ചുഴലിക്കാറ്റ് അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നിന്നും രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യത്തെ പലയിടങ്ങളിലായി അതിശക്തമായ ഇടിമിന്നലും മഴയും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
മേകുനു ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സമൂഹവും ആശങ്കയിലാണ്. വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ മിക്ക മലയാളികളും റൂം വിട്ട് പുറത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മേകുനുവിന്റെ അലയൊലികള്‍ യു.എ.ഇയിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha


























