സൊക്കോത്രയിൽ 'മെക്കുനു' ആഞ്ഞടിച്ചു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേരെ കാണാതായി

'മെക്കുനു' ചുഴലിക്കാറ്റ് യമന്റെ ഭാഗമായ സൊക്കോത്ര ദ്വീപില്‍ ബുധനാഴ്ച രാത്രി ആഞ്ഞടിച്ചു. 17 പേരെ കാണാതാവുകയും നൂറുകണക്കിനാളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റായാണ് സൊക്കോത്രയില്‍ അടിച്ചത്. ഇത് കൂടുതല്‍ ശക്തിയാര്ജിച്ചാകും ഇന്ന് ഒമാനിലേക്ക് എത്തുക. കാണാതായവര്‍ സഞ്ചരിച്ച രണ്ടു ബോട്ടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങുകയായിരുന്നു. മൂന്നു വാഹനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തതായി സൊക്കോത്ര ഗവര്‍ണര്‍ റംസി മഹ്റൗസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
200ലധികം കുടുംബങ്ങള്‍ താമസസ്ഥലങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. കപ്പലുകള്‍ മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചില ഗ്രാമങ്ങളിലേക്ക് ചെന്നെത്താന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. യമന്റെ കരഭാഗത്തുനിന്ന് 350 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപാണ് സൊക്കോത്ര.
അതേസമയം യമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ സൊക്കോത്രയെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2015ല്‍ ചപല ചുഴലിക്കൊടുങ്കാറ്റ് സൊക്കോത്രയിലും തെക്കന്‍ യമനിലും വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























