ലോകജനതയുടെ പ്രാർത്ഥന ഫലംകണ്ടു ;തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ പുറത്തെത്തിച്ചു

15 ദിവസം മുന്പ് തായ്‌ലന്‍ഡിലെ താംലുവാംഗ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളായ 12 കുട്ടികളിൽ രണ്ടു പേരെ രക്ഷാപ്രവർത്തകർ ബഡ്ഡി ഡൈവിലൂടെ വിജയകരമായി പുറത്തെത്തിച്ചു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇനി 10 കുട്ടികളും കോച്ചുമാണ് അവശേഷിക്കുന്നത്. പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് രക്ഷാപ്രവർത്തകർ ഗുഹയിൽ പ്രവേശിച്ചത്. തുടർന്ന് രണ്ട് കുട്ടികളുമായി രക്ഷാപ്രവർത്തകർ അതിസാഹസികമായി ഗുഹയ്ക്ക് പുറത്തേക്ക് നീന്തി. വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കുട്ടികൾക്ക് ഡൈവിംഗ് പരിശീലനം നൽകിയതും ഉപകാരമായി.
ഒന്നോ രണ്ടോ മുങ്ങൽ വിദഗ്ദ്ധർ നീന്തുന്ന രീതിയാണ് ബഡ്ഡി ഡൈവ്. ഒരാൾ ഓക്സിജൻ സിലിണ്ടർ വഹിക്കും. പുറത്തെത്തിക്കുന്ന കുട്ടികൾക്കും പരിശീലകനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലൻസുകളും ഹെലികോപ്ടറുകളും സജ്ജമാക്കി നിറുത്തിയിട്ടുണ്ട്.
18 ഡൈവർമാരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. അഞ്ച് തായ് മുങ്ങൽ വിദഗ്ധരും 13 രാജ്യാന്തര നീന്തൽ സംഘത്തിലെ അംഗങ്ങളും ഉൾപ്പെടുന്നതാണ് രക്ഷാസംഘം. മഴ ശക്തമാകും മുമ്പ് കുട്ടികളെ പുറത്തെത്തിക്കുന്നതാവും സുരക്ഷിതം എന്നതിനാലാണ് ബഡ്ഡി ഡൈവിംഗ് എന്ന തീരുമാനത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. ഏറ്റവും അപകടകരമായ രക്ഷാപ്രവർത്തനമാണിത്. ഗുഹയിലേക്കുള്ള വഴികളെല്ലാം ഇടുങ്ങിയതും ദുർഘടമേറിയതുമാണ്. ശക്തമായ അടിയൊഴുക്കുകളും ചെളിവെള്ളം നിറഞ്ഞ കുഴികളും കനത്ത വെല്ലുവിളി ഉയർത്തുന്നു. വായു സഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ കുട്ടികളുമായി നീന്തുകയെന്നത് ശ്രമകരവും അതിസാഹസികവുമാണ്. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കും. എയർ ടാങ്കുകൾ, മുഖാവരണങ്ങൾ തുടങ്ങിയവയവും രക്ഷാപ്രവർത്തകരുടെ കൈവശമുണ്ട്. ഇടുങ്ങിയ വഴികൾ എത്തുന്പോൾ മുതുകിൽ സൂക്ഷിച്ചിരിക്കുന്ന ടാങ്ക് എടുത്ത് മാറ്റിയ ശേഷം ചാനലിലൂടെ തള്ളി നീക്കും. ഇതിലൂടെ കുട്ടികൾക്ക് വഴി കാണിക്കാനാകും. ഗുഹയുടെ മൂന്നാമത്തെ ചേംബർ മുതൽ പുറത്തേക്കുള്ള കവാടം വരെ രക്ഷാപ്രവർത്തകരും കുട്ടികളും കാൽനടയായാണ് പോകുക.
https://www.facebook.com/Malayalivartha























