' എക്കപോൾ ചാന്തവാങ്', ഗുഹയിൽ അകപ്പെട്ട പന്ത്രണ്ട് കുട്ടികൾക്ക് താങ്ങായ ആ കോച്ചിനെ ലോകം തിരിച്ചറിയുന്നത് ഇങ്ങനെ...

തായ്‌ലൻഡിൽ ഗുഹയിൽ അകപ്പെട്ട കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമ്പോൾ അതിൽ അവരുടെ കോച്ചിൻെറ പങ്ക് വളരെ വലുതാണ്. ഒൻപത് ദിവസം ഗുഹയിൽ അകപ്പെട്ടുപോയ കുട്ടികളെ തളരാതെ പിടിച്ചു നിർത്തി അവരുടെ മാതാപിതാക്കളുടെ മനസ്സിൽ ദൈവതുല്ല്യനാകുകയാണ് കോച്ച്. ഗുഹയിൽ കുടുങ്ങിയ കുട്ടികൾക്ക് ആശ്വാസമായത് കോച്ചായ എക്കപോൾ ചന്ദോങ് ആണ്.
കഴിഞ്ഞ ദിവസം കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ചു കൊണ്ട് എഴുതിയ കോച്ചിന്റെ കുറിപ്പ് നാവിക സേന പുറത്തുവിട്ടു. ‘‘എല്ലാ രക്ഷിതാക്കളും അറിയാൻ, കുട്ടിളെല്ലാവരും സുരക്ഷിതരാണ്. അവരെ നന്നായി സംരക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. എല്ലാവരും നൽകുന്ന ധാർമിക പിന്തുണക്ക് നന്ദി. കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പു ചോദിക്കുന്നു. മുത്തശ്ശിയും ആൻറിയും വിഷമിക്കരുത്. ഞാനിവിടെയുണ്ട്.’’ - ചന്ദോങ് കുറിപ്പിൽപറഞ്ഞു. കോച്ചിന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. തന്റെ ഭക്ഷണം കുട്ടികൾക്ക് പങ്കുവെച്ച് നൽകുകയും ഒമ്പതു ദിവസത്തോളം കുട്ടികൾക്ക് ആ ഇരുട്ടിൽ തുണയാവുകയും ചെയ്ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാൽ, മഴക്കാലത്ത് കുട്ടികളെ ഗുഹയിലേക്ക് കാെണ്ടുപോയതിനെ മറ്റു പലരും വിമർശിച്ചു.
തായ്‌ലൻഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരിൽ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവർ ചിയാങ് റായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ശേഷിച്ച ഏഴു പേർക്കായി രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതൽ 20 മണിക്കൂർ വരെ സമയമെടുക്കുമെന്നാണ് വിവരം. കാലാവസ്ഥ ഉൾപ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. അതിനിടെ ഗുഹയ്ക്കു സമീപം മഴ ആരംഭിച്ചത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























