ഇപ്പോള്‍ കുറ്റം നമുക്കായോ? ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കണമെന്ന് നവാസ് ഷെരീഫ്

നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇസ്‌ലാമാബാദില്‍ ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് ഷെരീഫ് ഇങ്ങനെ പറഞ്ഞത്. അതിര്‍ത്തിയില്‍ പ്രകോപനം നടത്തുന്നത് ഇന്ത്യയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനത്തിനു വേണ്ടിയുള്ള പാക്കിസ്ഥാന്റെ ആഹ്വാനത്തില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ഷെരീഫിനെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയിലെ വെടിവയ്പ്പ് വിഷയത്തില്‍ പ്രതിപക്ഷപാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പാക് നിയമസഭയില്‍ അടിയന്തര പ്രമേയം സമര്‍പ്പിച്ചു. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ ഉത്തരവാദപരമായി നടപടി സ്വീകരിക്കണമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ പാക് നേതാക്കള്‍ ചുളുവില്‍ പ്രശസ്തി നേടാനുള്ള നെട്ടോട്ടം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ഇതിനോടു പ്രതികരിച്ചത്.
ദിവസങ്ങള്‍ നീണ്ട പ്രകോപനങ്ങള്‍ക്കു ശേഷം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇന്ന് അയവു വന്നിരിക്കുകയാണ്. നാലു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായ സംഭവമൊഴിച്ചാല്‍ പ്രധാന ആക്രമണസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കത്തുവ ജില്ലയിലെ പോസ്റ്റുകള്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.
ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ സംഭവങ്ങളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സമാധാനചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























