ലോകം പ്രാര്‍ത്ഥനയോടെ... തായ്‌ലന്‍ഡിലെ ഗുഹയുടെ ഇരുളില്‍ നിന്നും നാലു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു, രക്ഷാദൗത്യം അവസാന ഘട്ടത്തില്‍, ഗുഹയ്ക്കുള്ളില്‍ ഇനി കോച്ചും 4 കുട്ടികളും

ലോകം പ്രാര്‍ഥനയോടെ കാത്തിരിക്കെ ഗുഹയിലെ കൂരിരുട്ടിനെയും അതിജീവിച്ച് വെളിച്ചമുള്ള ലോകത്തേക്ക് നാലു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. വടക്കന്‍ തായ്‌ലന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്‍ പുറത്തെത്തിയത്. ഇതോടെ ഗുഹയില്‍നിന്ന് ആകെ എട്ടു കുട്ടികളെ പുറത്തെത്തിക്കാനായി. ഞായറാഴ്ച വൈകുന്നേരം നാല് പേരെ രക്ഷപെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കുട്ടിയേയും പുറത്തെത്തിച്ചു. വൈകുന്നേരം മൂന്നു പേരെയും. ഇനി ഗുഹയ്ക്കുള്ളില്‍ കോച്ചും 4 കുട്ടികളുമുണ്ട്. അവരെക്കൂടി രക്ഷപ്പെടുത്തേണ്ടതുണ്ട്. വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 11 മുതല്‍ 16 വരെ പ്രായമുള്ള 12 കുട്ടികളും ഇരുപത്തിയഞ്ചു കാരനായ കോച്ചുമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്.
കോച്ചും സംഘത്തിലെ പ്രായം കൂടിയ കുട്ടികളുമാണ് ഇനി പുറത്തുവരാനുള്ളതെന്നാണ് കരുതുന്നത്. പുറത്തെത്തിച്ച കുട്ടികളെ ചിയാംഗ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളുടെ പേരുവിവരം വെളിപ്പെടുത്തുകയോ ഇവരെ കുടുംബാംഗങ്ങളെ കാണിക്കുകയോ ചെയ്തിട്ടില്ല. ഗുഹയില്‍ ശേഷിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങളുടെ വികാഹരം കണക്കിലെടുത്താണിത്. ആശുപത്രിയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണ്.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടര്‍ന്നായിരുന്നു ഇവര്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്‍ കഴിയാതായി. എട്ടു കിലോമീറ്റര്‍ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്. ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെ കുട്ടികള്‍ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാതായി. രക്ഷാ പ്രവര്‍ത്തനത്തിനിടെ തായ് മുന്‍ നാവികസേനാംഗവും മുങ്ങല്‍ വിദഗ്ധനുമായ സമാന്‍ ഗുണാന്‍ വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവര്‍ത്ത കരെയാകെ ആശങ്കയിലാഴ്ത്തി.
https://www.facebook.com/Malayalivartha























