ലോക ബാലികാ ദിനം കടന്നുപോയി, ബാലികമാരുടെ പീഡനചക്രം അവസാനിക്കുന്നില്ല

ഇന്നലെ ലോക ബാലികാ ദിനമായിരുന്നു. ബാലികമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഓര്‍മിപ്പിക്കാനുള്ള ദിനം. കൗമാരക്കാരുടെ ശാക്തീകരണവും പീഡനചക്രത്തിന്റെ അന്ത്യവും എന്നാണ് ഇത്തവണ ബാലികാദിന പ്രമേയം. എന്നാല്‍ പീഡനചക്രം ഒരിക്കലും അവസാനിക്കില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ ബാലികാ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്ത് ഒരിടത്തും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് യാഥാര്‍ഥ്യമാണ്. കൗമാരം വിട്ടുമാറാത്ത പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും.
രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്നലെ കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചു കളഞ്ഞു. ബിഹാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കി കെട്ടിത്തൂക്കിയ സംഭവം നടന്നിട്ട് ഒരു മാസം തികഞ്ഞു. പീഡനം എന്ന വാര്‍ത്തയില്ലാതെ ഒരു ദിവസം പോലും പത്രങ്ങള്‍ ഇറങ്ങുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സാക്ഷരരായ കേരളത്തിലും ഇതിനു കുറവില്ല.
മലപ്പുറത്ത് പതിനഞ്ചു വയസായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചത് മൂന്നു തവണയാണ്. പന്ത്രണ്ടാം വയസിലായിരുന്നു ഈ കുട്ടിയുടെ ആദ്യ പ്രസവം. ഇന്നാണ് ആ വാര്‍ത്ത പുറത്തു വന്നതെന്നതും യാദൃശ്ചികം.
സ്വന്തം പിതാവ് തന്നെ പെണ്‍മക്കളെ ക്രൂരമായി കീഴ്‌പ്പെടുത്തുന്ന സംഭവങ്ങളും ഇവിടെ സാധാരണമായിരിക്കുന്നു. പീഡന വീരന്‍മാരുടെ ശിക്ഷാവിധിയിലുള്ള പാളിച്ചയാണ് ഇന്ത്യയിലെ പ്രശ്‌നം. തൂക്കു കയറോ ജീവപര്യന്തമോ കിട്ടിയാല്‍ മുന്തിയ വക്കീലുമായി പരമോന്നത കോടതിയില്‍ പോകുന്ന ഗോവിന്ദ ചാമിമാരാണ് ഇവിടെയുള്ളത്. പീഡന വീരന്‍മാര്‍ക്ക് ലോകത്തെല്ലായിടത്തും ഒരേപോലെ കടുത്ത ശിക്ഷ നല്‍കണം എന്നതാണ് ആവശ്യം.
ഇത്രയേറെ ബുദ്ധിമുട്ടുകള്‍ കൗമാര കേരളം സഹിക്കുമ്പോള്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിച്ച കൈലാഷ് സത്യാര്‍ഥിക്കും മലാല യൂസുഫ് സായ്ക്കും ഇന്നലെയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് ആശ്വാസകരമാണ്. അര്‍ഹിക്കുന്ന കൈകളില്‍ തന്നെ അത് എത്തിപ്പെട്ടു എന്നതും യാഥാര്‍ഥ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























