ഇന്ന് മോസ്‌കോ സമാധാന വേദിയാകുന്നു ! ; താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ഇന്ത്യ

ഇന്ത്യയുമായി സ്വരച്ചേർച്ചയിലല്ലാത്ത താലിബാനുമായി ഇന്ത്യ ചർച്ചയ്‌ക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മോസ്‌കോയില്‍ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചാ വേദിയിലാകും ഇന്ത്യ-താലിബാൻ ചർച്ച നടത്താൻ സാധ്യതയുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
ചർച്ചക്ക് വിളിച്ചതും സമാധാന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത് റഷ്യയാണ്. ഇന്ത്യയെ കൂടാതെ യു.എസ്, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. എന്നാൽ മോസ്‌കോ ഫോര്‍മാറ്റ് എന്നു പേരിട്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കും ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അഫ്ഗാനിസ്താൻ വിഷയത്തിൽ നവംബർ ഒമ്പതിന് റഷ്യ മോസ്കോയിൽ വെച്ച് സമാധാന ചർച്ച നടത്തുന്നുവെന്നറിയാം എന്നാണ് ഇതേ കുറിച്ച് വിദേശകാര്യ വാക്താവ് രവീഷ് കുമാർ അറിയിച്ചത്. അഫ്ഗാനിസ്താനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും രവീഷ് കുമാർ പറഞ്ഞു.
അനൗദ്യോഗികമായാണ് ഇന്ത്യ ചർച്ചയിൽ പങ്കാളിയാകുന്നത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ അമർ സിൻഹ, പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവൻ എന്നിവരാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുചിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ് ഇൗ തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha



























