വൈറ്റ്ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് കൈവെച്ചെന്നാരോപിച്ച് സാറ സാന്‍ഡേഴ്‌സ് പുറത്തു വിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്; ഇന്‍ഫോവാര്‍സ് എന്ന സ്ഥാപനത്തിന്റെ എഡിറ്റര്‍ ഷെയര്‍ ചെയ്ത അതേ വീഡിയോ ഉപയോഗിക്കുകയാണ് അവർ; മാധ്യമപ്രവർത്തകന്റെ പ്രസ്പാസ് വൈറ്റ്ഹൗസ് റദ്ദാക്കിയ സംഭവത്തിൽ തുറന്നടിച്ച് സിഎന്‍എന്‍

അമേരിക്കയിലെ വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പത്ര സമ്മേളനത്തിൽ തുടരെ തുടരെ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ പ്രസ് പാസ് വൈറ്റ്ഹൗസ് റദ്ദാക്കിയ സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് കൈവെച്ചെന്നാരോപിച്ച് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പുറത്തു വിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഎന്‍എന്‍.
സിഎന്‍എന്നിന്റെ വൈറ്റ്ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് ബുധനാഴ്ച വൈറ്റ്ഹൗസിൽ നടന്ന പത്രസമ്മേളനത്തിന് പിന്നാലെ റദ്ദാക്കിയത്. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. വാര്‍ത്താ സമ്മേളനത്തിനിടയിൽ അമേരിക്കയിലേയ്ക്ക് വരുന്ന കുടിയേറ്റക്കാരെ പറ്റിയുള്ള ചോദ്യം ട്രംപ് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും വിടാതെ കൂടിയ അകോസ്റ്റയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങാന്‍ വൈറ്റ് ഹൗസ് ജീവനക്കാരി ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈ വച്ചു എന്നാരോപിച്ച് ട്രംപ് പത്ര സമ്മേളനത്തിനിടെ വളരെ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു.
ജിം അകോസ്റ്റ എന്ന ഈ റിപ്പോർട്ടർ മര്യാദയില്ലാത്ത ഭയങ്കരനായ വ്യക്തിയെന്നും ജനങ്ങളുടെ ശത്രുവെന്നും ട്രംപ് വിശേഷിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു വൈറ്റ്ഹൗസ്, ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയത്.
അതേസമയം ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈവെച്ചെന്നും ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ ട്രംപിനു വേണ്ടി വ്യാജവാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്ന ഇന്‍ഫോവാര്‍സ് എന്ന സ്ഥാപനത്തിന്റെ എഡിറ്റര്‍ പോള്‍ ജോസഫ് വാട്‌സണ്‍ ഷെയര്‍ ചെയ്ത അതേ വീഡിയോയാണ് സാറ സാന്‍ഡേഴ്‌സ് ഉപയോഗിച്ചത്. അതിനാല്‍ തന്നെ ഇത് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചതാണെന്നും സിഎന്‍എന്‍ പറയുന്നു.
മൈക്ക് ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന വൈറ്റ് ഹൗസ് ഇന്റേണിന്റെ കൈ ജിം അകോസ്റ്റയുടെ കൈ സ്വാഭാവികമായി തടയുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഇതിനെ വളച്ചൊടിക്കുകയാണെന്നും സിഎന്‍എന്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha



























