അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം; അഭയം നിഷേധിച്ചുള്ള നിയമങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം

അമേരിക്കയിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാർക്ക് അഭയം നിഷേധിക്കുന്ന തരത്തിൽ പുതിയ നിയമങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയിക്കുകയാണ്. രാജ്യത്തു നിലവിലുള്ള കുടിയേറ്റ നിയമം ഉപയോഗിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ, രാജ്യത്തു പ്രവേശിക്കുന്നത് തടയാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. അതേസമയം നിയമവിധേയമായ കുടിയേറ്റ അപേക്ഷകള്‍ മാത്രമേ ഇനി പരിഗണിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് കുടിയേറ്റ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് കടുപ്പിച്ചത്. രാജ്യത്ത് അവരെ ഉള്‍ക്കൊള്ളിക്കുകയെന്നത് ഭരണകൂടത്തിന് വലിയ ഭാരമാണ്. അവരര്‍ഹിക്കാത്ത പരിഗണന ലഭിക്കുന്നത് തടയുകയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗവും അറ്റോര്‍ണി ജനറലും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവെക്കും.
അതേസമയം ഇത്തരത്തിലൊരു നീക്കം നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശപ്രവർത്തകർ പ്രതികരിച്ചു. രാജ്യത്തെത്തുന്ന ആർക്കും അഭയത്തിനുള്ള അപേക്ഷ നൽകാനുള്ള അവകാശമുണ്ടെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു.
ആക്ടിങ് അറ്റോർണി ജനറൽ മാത്യു വിടെകറും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റീൻ നീൽസണും ചേർന്നാണ് വ്യാഴാഴ്ച നിയമഭേദഗതി പ്രഖ്യാപിച്ചത്. ദേശീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരെ തടയാൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. നിയമത്തിന് മുൻകാല പ്രാബല്യമുണ്ടാവില്ല. ജന്മനാട്ടിലെ കലാപത്തെത്തുടർന്നാണ് പലായനം ചെയ്തതെന്ന് കുടിയേറ്റക്കാർ പറഞ്ഞാൽ അഭയത്തിനുള്ള അവരുടെ വാദങ്ങൾ കേൾക്കണമെന്ന് നിലവിൽ യു.എസിൽ നിയമമുണ്ട്. ഇതാണ് പുതിയ നിയമത്തിലൂടെ റദ്ദാക്കുന്നത്. ഹോണ്ടുറാസ്, എൽസാൽവദോർ, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരെ തടയാനാണു പദ്ധതി.
മെക്സിക്കോയിലൂടെ യു.എസ്. അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്ന കുടിയേറ്റക്കാരുടെ സംഘത്തെ (മൈഗ്രന്റ് കാരവാൻ) ട്രംപ് പലകുറി അധിക്ഷേപിച്ചിരുന്നു. രാഷ്ട്രീയപ്രേരിതമാണ് കാരവാന്റെ നീക്കമെന്നാണ് ട്രംപിന്റെ ആരോപണം.
https://www.facebook.com/Malayalivartha



























