90 കൊലപാതകങ്ങള്‍ നടത്തി, 78-കാരനായ ഈ കൊടുംകുറ്റവാളി!

ആറടി മൂന്നിഞ്ച് ഉയരമുള്ള 78-കാരന്‍ സാമുവല്‍ ലിറ്റില്‍ യുഎസ് ജനതയെ അമ്പരപ്പിക്കുകയാണ്. 90 കൊലപാതകങ്ങളാണ് ഈ ആയുസ്സിനിടെ അയാള്‍ ചെയ്തത്. ഇയാളുടെ കുറ്റസമ്മതം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. മയക്കുമരുന്നിന് അടിമപ്പെട്ടവരും, തെരുവില്‍ക്കഴിയുന്ന സ്ത്രീകളും, ലൈംഗിക ത്തൊഴിലാളികളുമായിരുന്നു ഇയാളുടെ നീണ്ട കൊലപാതകപരമ്പരയുടെ ഇരകള്‍.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1956-ലാണ് കട കുത്തിത്തുറക്കല്‍, കൊള്ള, മയക്കുമരുന്ന് വില്‍പ്പന, അതിക്രമിച്ചു കയറല്‍ തുടങ്ങിയ കേസുകളില്‍ സാമുവല്‍ ആദ്യം അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് വിട്ടെങ്കിലും പുറത്തിറങ്ങി തെരുവില്‍ത്തന്നെ വളര്‍ന്ന് സാമുവല്‍ വലിയ കുറ്റവാളിയായി മാറുകയായിരുന്നു. 1970-കളില്‍ 11 സംസ്ഥാനങ്ങളിലായി വിവിധ കേസുകളില്‍ 26 തവണ അറസ്റ്റുചെയ്യപ്പെട്ടു. 1982-ല്‍ 22 വയസ്സുള്ള ലൈംഗികത്തൊഴിലാളിയുടെ മരണത്തില്‍ വീണ്ടും അറസ്റ്റിലായി. തെളിവില്ലാത്തതിനാല്‍ രണ്ടുവര്‍ഷത്തിനു ശേഷം പുറത്തിറങ്ങി. മറ്റൊരു കേസില്‍ 1984-ല്‍ വീണ്ടും അറസ്റ്റിലായി.
1987-നും 89-നും ഇടയ്ക്ക് ലോസ് ആഞ്ജലസില്‍ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ഡി.എന്‍.എ. തെളിവുപ്രകാരമാണ് സാമുവലിനെതിരേ കുറ്റം തെളിഞ്ഞത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായി 2012 മുതല്‍ പുറത്തിറങ്ങിയിട്ടില്ല. മൂന്നുസ്ത്രീകളെയും തല്ലിച്ചതച്ചശേഷം ഞെരിച്ചുകൊല്ലുകയായിരുന്നു. മൂന്നു ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 14 സംസ്ഥാനങ്ങളിലെ കൊലക്കേസുകളില്‍ സാമുവല്‍ സംശയത്തിന്റെ നിഴലിലായി. തുമ്പില്ലാത്ത മറ്റുകൊലപാതകങ്ങളിലും ഇയാളുടെ പങ്ക് കണ്ടെത്താന്‍ പോലീസ് ഡി.എന്‍.എ തെളിവുകളെ ആശ്രയിക്കുകയാണ്.
യു.എസിന്റെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയിട്ടുള്ളത് ഗാരി റിഡ്‌ജെ എന്നയാളാണ്. 1980-നും 1990-നുമിടെ 49 കൊലപാതകം. എന്നാല്‍, ആ റെക്കോഡ് ഇനി സാമുവലിന്റെ പേരിലാവുമെന്നാണ് ടെക്‌സസ് കോടതി സ്ഥിരീകരിക്കുന്നത്. 1970 മുതല്‍ 2005 വരെയുള്ള സ്ത്രീകൊലപാതകങ്ങളില്‍ ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാണ് പോലീസ്. 34 കൊലപാതകങ്ങളില്‍ കൃത്യമായ തെളിവും ശേഖരിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha



























