മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് യുഎസ് എന്ന് വെളിപ്പെടുത്തല്‍

കാണാതായ മലേഷ്യന്‍ വിമാനം യുഎസ് സൈന്യം വെടിവെച്ചിട്ടതാണെന്ന് ഫ്രഞ്ച് വിമാനക്കമ്പനി മുന്‍ മേധാവി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് താവളത്തില്‍ സെപ്റ്റംബര്‍ 11 മോഡല്‍ ആക്രമണം ഭയന്നാണ് വെടിവെച്ചിട്ടതെന്ന് ഫ്രഞ്ച് മാസിക പാരിസ് മാച്ചില്‍ എഴുതിയ ലേഖനത്തില്‍ പ്രോട്ടിയസ് എയര്‍ലൈന്‍സ് മേധാവി മാര്‍ക് ഡുഗെയ്ന്‍ അവകാശപ്പെട്ടു. മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനമാണ് മാര്‍ച്ച് എട്ടിന് കാണാതായത്.
രാജ്യാന്തര സംഘം നിലവില്‍ തിരയുന്ന സ്ഥലത്തിന് വിമാനം പതിച്ച ഇടവുമായി ഒരു ബന്ധവുമില്ല. മറിച്ച്, ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യയിലെ യുഎസ് സൈനിക താവളത്തിനു സമീപമാണ് വിമാനം പതിച്ചതെന്നും ലേഖനം പറയുന്നു. അതീവ സുരക്ഷിതമായ വ്യോമ താവളമാണിത്. വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും യുഎസിന് ഇതുവരെ ലഭിച്ചില്ലെന്ന വാദം കൗതുകകരമാണ്. 63 മീറ്റര്‍ നീളമുള്ള വസ്തു അടയാളങ്ങള്‍ ബാക്കിവയ്ക്കാതെ അപ്രത്യക്ഷമായെന്നത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയില്‍ നിന്ന് 4,500 ലേറെ കിലോമീറ്റര്‍ അകലെയുള്ള ദ്വീപ് 1970കള്‍ മുതല്‍ അമേരിക്ക സൈനിക ആവശ്യത്തിനായി ഉപയോഗിച്ച് വരുകയാണ്. 1,700 സൈനികരാണ് നിലവില്‍ ദ്വീപിലുള്ളത്. ഡീഗോ ഗാര്‍ഷ്യയിലെ താവളവുമായി ബന്ധപ്പെട്ട് മുമ്പും സമാന വാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും യുഎസ് നിഷേധിക്കുകയായിരുന്നു.
യുഎസ് വെടിവെച്ചിട്ടുവെന്നതിന് തെളിവായി മലേഷ്യന്‍ വിമാനം താഴ്ന്നു പറക്കുന്നത് കണ്ടെന്ന മാലദ്വീപ് നിവാസികളുടെ ദൃക്‌സാക്ഷി വിവരണവും ഡുഗെയ്ന്‍ ഉദ്ധരിക്കുന്നുണ്ട്. മലേഷ്യന്‍ വിമാനത്തിന്റെ നിറങ്ങളുള്ള വലിയ വിമാനം കണ്ടതായി ഒരു മത്സ്യത്തൊഴിലാളി അറിയിച്ചിരുന്നു. മാര്‍ച്ച് എട്ടിന് വിമാനത്തിലേതെന്നു കരുതുന്ന അഗ്നിശമന സംവിധാനം ബാറ ദ്വീപില്‍ അടിഞ്ഞതായി മാലദ്വീപ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍ നോവലിസ്റ്റ് ആയ ഡുഗെയ്ന്‍ എംഎച്ച് 370 വിമാനത്തെ കുറിച്ചുള്ള അന്വേഷണത്തിനു പുറപ്പെട്ടപ്പോള്‍ അതു വേണ്ടെന്ന് ഒരു ഇന്റലിജന്‍സ് വൃത്തം മുന്നറിയിപ്പ് കൊടുത്തിരുന്നു. കാലം അതു വെളിവാക്കിക്കൊള്ളുമെന്നും പ്രത്യാഘാതങ്ങള്‍ ഏറ്റെടുക്കരുതെന്നും ഡുഗെയ്‌നെ അറിയിച്ചു.
ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ മേധാവി ടിം ക്‌ളാര്‍ക്കും വിമാനം കണ്ടെത്താത്ത സംഭവത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. എല്ലാ സംവിധാനങ്ങളും സ്വിച്ച് ഓഫ് ചെയ്താലും വിമാനം കണ്ടെത്താനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























