എയര്‍ ഏഷ്യാ വിമാനത്തിന് സംഭവിച്ചതെന്ത് ? പൈലറ്റിന്റെ പിഴവോ അതോ ആകാശ ചുഴിയില്‍ വീണതോ?

എയര്‍ ഏഷ്യാ വിമാനം അപകടത്തില്‍പ്പെട്ടിട്ട് ഇന്ന് മൂന്ന് ദിവസം കഴിഞ്ഞു. വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ല. ഇതിനിടെ വിമാനം കടലില്‍ വീണതാകാം എന്ന് ഇന്നലെ ഇന്തോനീഷ്യ സ്ഥിരികരിക്കുകയുണ്ടായി. ഇന്തോനീഷ്യയുടെയും മറ്റ് ലോക രാഷ്ട്രങ്ങളുടെയും കപ്പലുകള്‍ ജാവ ഉള്‍ക്കടലില്‍ വിമാന അവശിഷ്ടങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ അവിടെനിന്ന് കണ്ടെടുത്ത വിമാന അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യയുടേതല്ലന്ന് കണ്ടത്തിയിരുന്നു. എങ്കില്‍പിന്നെ കണ്ടെത്തിയത് ഏത് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ? വിമാനം എവിടെ പോയി, വിമാനത്തിന് എന്ത് സംഭവിച്ചു, പൈലറ്റിന്റെ പിഴവോ അതോ വിമാനം ആകാശ, ചുഴിയില്‍ വീണതോ? ഇതുവരെ ഉത്തരമില്ലാത്ത മറ്റൊരു ചോദ്യമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഒരഴ്ചയായി കേരളം മുതല്‍ ഇന്തോനീഷ്യ വരെ ആകാശം കനത്ത മേഘപടലങ്ങളുടെ പിടിയിലാണ്. മലേഷ്യയിലും ശ്രീലങ്കയും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ആകാശ യാത്ര ദുഷ്‌കരമാണെന്ന് പൈലറ്റ്മാര്‍ക്കെല്ലാം ആറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് ഇത്ര റിസ്‌ക്ക് എടുത്ത് വിമാനം ഇതുവഴി പറപ്പിച്ചത്. കനത്ത മേഘം കാരണം വിമാനം പാതയില്‍ നിന്ന് ഉയര്‍ത്താന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയിരുന്നു. അനുമതി കിട്ടാന്‍ വൈകിയതോ അതോ പൈലറ്റ് തീരുമാനമെടുക്കാന്‍ വൈകിയതോ ഇതൊക്കെ അന്വേഷിക്കേണ്ടി വരും. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും ഇതുവരെ ഇന്ത്യോന്യേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഭീമാകാരമായ വന്‍ മേഘങ്ങളുടെ കൂമ്പാരമാണ് ക്യുമുലോനിംബസ്. എയര്‍ ഏഷ്യ വിമാനത്തിന്റെ പാതയില്‍ ഇത്തരം മേഘങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ആഗോള കലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ജാവ കടലിനു മീതേ ഞായര്‍ പുലര്‍ച്ചെ മുതല്‍ കനത്ത ഇടിമിന്നല്‍ ഉണ്ടായിരുന്നതായും അവര്‍ പറയുന്നു.
വ്യോമയാന-കാലാവസ്ഥാ വിദഗ്ധരുടെ സംശയം ഈ വഴിക്കാണ്.
അപകടകാരികളായ ഈ പര്‍വത മേഘങ്ങള്‍ ഇടിയും മിന്നലും കൊടുങ്കാറ്റും മാത്രമല്ല ഐസുകട്ടകള്‍ വരെ നിറഞ്ഞതായിരിക്കും. ഇതിനുള്ളില്‍ വിനാശകാരികളായ ആകാശച്ചുഴികളും കണ്ടെന്നുവരാം. പക്ഷേ ആകാശച്ചുഴികളെ അതിജീവിക്കാവുന്ന വിധമാണ് വിമാനങ്ങളുടെ രൂപകല്‍പ്പന. ഇത്തരം മേഘങ്ങള്‍ക്കുള്ളില്‍ കയറിയാല്‍ വിമാനം ആടി ഉലയും. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാം. പുറത്തെ ലോഹകവചങ്ങള്‍ക്കു ചുളുക്കം തട്ടാം. എന്നാലും വിമാനം രക്ഷപ്പെടാം.
ഏകദേശം 300-350 കിലോമീറ്റര്‍ അകലത്തിലേ വിമാനങ്ങള്‍ക്ക് മേഘകൂമ്പാരമേഘങ്ങളെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. നീലാകാശമുള്ള ദിശയിലേക്കു വഴിതിരിച്ച് അപകടം ഒഴിവാക്കുകയാണ് ഇത്തരം സാഹചര്യത്തില്‍ പൈലറ്റ് ചെയ്യുന്നത്. എയര്‍ ഏഷ്യ പൈലറ്റും വിമാനം ഉയര്‍ത്തുകയോ വഴിതിരിക്കയോ ചെയ്തിരിക്കാം. കൂമ്പാര മേഘങ്ങളുടെ ഉയരം പരമാവധി 30000 മുതല്‍ 40000 അടി വരെയാണ്.
എ-320 ഇനത്തില്‍ പെട്ട വിമാനത്തിനു പോകാവുന്ന പരമാവധി ഉയരം 40,000 അടിയാണ്. മേഘക്കൂമ്പാരം ഒഴിവാക്കുന്നതിനിടെ വിമാനം പരിധിവിട്ട് ഉയര്‍ന്നോ? ഈ വ്യോമപാതയില്‍ 44,000 അടി വരെ ഉയരത്തില്‍ മേഘമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മേഘങ്ങള്‍ 50000 അടി വരെയാണെന്നത് ഇന്തോനീഷ്യയുടെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലും മറ്റു ഭൂമധ്യരേഖാ പ്രദേശത്തും കാണപ്പെടുന്നവയേക്കാള്‍ പ്രഹരശേഷി കൂടിയവയാണ് ഇന്തോനീഷ്യയിലെ മേഘപടലങ്ങളെന്നു കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്താണ് ഇന്തോനീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോകവ്യോമയാന ഭൂപടത്തില്‍ ഇടം പിടിച്ചു തുടങ്ങിയത്. കുറഞ്ഞ ചെലവില്‍ ലാഭകരമായി പറക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ കാലാവസ്ഥാ നിരീക്ഷണവും ഗവേഷണവും സുരക്ഷയും അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങളുണ്ടാവാനുള്ള കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























