എയര്‍ ഏഷ്യ വിമാനം: 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

യാത്രാമധ്യേ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ നാല്‍പ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്തേനേഷ്യന്‍ നേവിയെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജാവാ കടലിടുക്കില്‍ നിന്നാണ് മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും കണ്ടെടുത്തത്.
ഇന്തോനേഷ്യന്‍ നേവി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയത്. ആറ് മൃതദേഹങ്ങള്‍, യാത്രക്കാരുടെ ലഗേജുകള്‍, വിമാനത്തിന്റെ വാതില്‍ തുടങ്ങിയവയാണ് രാവിലെ കണ്ടെത്തിയത്.
ജാവ കടലിടുക്കില്‍ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. ജാവ കടലിടുക്കില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ച മേഖലയില്‍ നിന്ന് ആറ് മൈല്‍ മാറിയാണ് മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ നേവി കരയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരില്‍ ആരും ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ പറഞ്ഞു.
തെളിവുകളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തില്‍ വിമാനം കടലില്‍ വീണിരിക്കാമെന്ന് ഇന്തോനേഷ്യന്‍ ദേശീയ തെരച്ചില്‍, സുരക്ഷാ ഏജന്‍സി തലവന്‍ ബംബാംഗ് സോലിസ്‌റ്റ്യോ ഇന്നലെ വ്യക്തമാക്കിയിരുന്നു. കടലിനടിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ഏറെ ദുഷ്‌ക്കരമാണെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സഹായിക്കാനായി മറ്റു രാജ്യങ്ങളുടേയും ഏജന്‍സികളുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നലെയാണ് വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇന്തോനേഷ്യയ്ക്ക് പുറമെ യു.എസ്, ഓസ്‌ട്രേലിയ, ചൈന, മലേഷ്യ, തായ്‌ലന്‍ഡ്, എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. 162 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം ഞായറാഴ്ച രാവിലെയാണ് കണാതായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























