കേന്ദ്ര സർക്കാർ പണി തുടങ്ങി; 11 ഇന്ത്യാക്കാർക്ക് സ്വിസ് ബാങ്കിന്റെ നോട്ടീസ്; 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം കാരണം കാണിച്ചില്ലെങ്കിൽ എല്ലാ സാമ്പത്തിക വിവരങ്ങളും ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്ന് മുന്നറിയിപ്പ്

സ്വിസ് ബാങ്കുകളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സമ്പാദ്യത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നതിന് മുന്നോടിയായി 11 ഇന്ത്യാക്കാർക്ക് സ്വിറ്റ്‌സർലാൻഡ് സർക്കാർ നോട്ടീസ് അയച്ചു. വിവരങ്ങൾ കൈമാറുന്നതിൽ എതിർപ്പുണ്ടെങ്കിൽ നോട്ടിസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കുന്നതിനാണ് ഇത്. സ്വിറ്റ്സർലൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിനിസ്ട്രേഷൻ വിഭാഗമാണ് മെയ് 21നു നോട്ടിസ് അയച്ചിരിക്കുന്നത്. നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സ്വിസ് ബാങ്കുകൾ വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് പുതിയ നീക്കം. ഇതിനോടകം തന്നെ 25 പേർക്ക് സ്വിസ് ബാങ്ക് നോട്ടീസ് അയച്ചതായാണ് വിവരം.
എന്നാൽ നോട്ടിസ് ലഭിച്ചവരിൽ രണ്ടു പേരുടെ ഒഴികെയുള്ള പേരുവിവരങ്ങൾ ലഭ്യമല്ല. കൃഷ്ണ ഭഗവാൻ രാമചന്ദ് (മേയ് 1949), കൽപേഷ് ഹർഷദ് കിനാരിവാല (സെപ്റ്റംബർ 1972) എന്നിവരുടെ പേരുകളാണുള്ളത്. മറ്റുള്ളവരുടെ പേരിന്റെ അദ്യക്ഷരവും ജനനതീയതിയും മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
എഎസ്ബികെ (നവംബർ 24, 1944), എബികെഐ (ജുലൈ 9, 1944), പിഎഎസ്(നവംബർ 2, 1983), ആർഎഎസ് (നവംബർ 22,1973), എപിഎസ് (നവംബർ 27, 1944), എഡിഎസ് (ഓഗസ്റ്റ് 14, 1949), എംഎൽഎ (മേയ് 20, 1935), എൻഎംഎ (ഫെബ്രുവരി 21, 1968), എംഎംഎ (ജൂൺ 27, 1973).– എന്നിങ്ങനെയാണ് പേരുകൾ. ഇവരിൽ പലരും അനധികൃത വിദേശനിക്ഷേപം സംബന്ധിച്ച പാനമ രേഖകളിലെ വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നാണ് വിവരം.
30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം കാരണം കാണിച്ചില്ലെങ്കിൽ എല്ലാ സാമ്പത്തിക വിവരങ്ങളും ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്നും നോട്ടീസിൽ പറയുന്നു. സ്വിസ് ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടി ഇന്ത്യൻ സർക്കാർ നൽകിയ അപേക്ഷയിൽ ഭരണപരമായ സഹായം നൽകാൻ തയാറാണെന്ന് സ്വിസ് ഫെഡറൽ ടാക്സ് വിഭാഗത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
നിക്ഷേപകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന പതിവുള്ള സ്വിസ് ബാങ്ക്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവരങ്ങൾ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാൻ തയാറായിരുന്നു. കള്ളപ്പണ ഇടപാടുകളെക്കുറിച്ചു നിരവധി ആക്ഷേപങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്. അതേസമയം ഇന്ത്യ ഇവരുടെ എന്തൊക്കെ വിവരങ്ങളാണ് തേടിയതെന്നും അതിൽ ഏതൊക്കെ കൈമാറുമെന്നും വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























