സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറില്‍ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറില്‍ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം ഊഴമാണ് റമഫോസയുടേത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് 58 ശതമാനം വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചിരുന്നു. സര്‍ക്കാറിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന വലിയ അഴിമതികള്‍ തുടച്ച് നീക്കുകയാണ് ഈ ഊഴത്തില്‍ തന്റെ പ്രധാന ധൗത്യമെന്ന് റമഫോസ ചടങ്ങില്‍ പറഞ്ഞു. തലസ്ഥാനമായ പ്രിട്ടോറിയയില്‍ 30000 പേരെ സാക്ഷി നിര്‍ത്തിയാണ് ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്. ചടങ്ങില്‍ സിംബാബ്‌വെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മുസംബിക്യു തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു.
സൗത്ത് ആഫ്രിക്കയ്ക് സ്വാതന്ത്രം നേടി കൊടുത്ത നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്. വര്‍ണ്ണ വിവേചനത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്രം വരും കാലങ്ങളിലും സാധാരണക്കാരന്റെ ജീവിത അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കുമെന്നായിരുന്നു അന്നത്തെ പാര്‍ട്ടി മുദ്രാവാക്യം. എന്നാല്‍ പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് കടുത്ത സാമ്രാജ്യത്വ നയങ്ങള്‍ പിന്‍പറ്റുകയായിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ രാജ്യത്തെ സ്വാധീനം നന്നേ കുറഞ്ഞു വരികയാണ്. കഴിഞ്ഞ തവണ 70 ശതമാനത്തിലധികം വോട്ട് ലഭിച്ച പാര്‍ട്ടിക്ക് ഇത്തവണ 58 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതുവരെയും ഇത്ര കുറഞ്ഞ ഭൂരിപക്ഷം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























