പരിഭ്രാന്തിയിൽ അമേരിക്ക; 12 വന്‍ നഗരങ്ങളുള്‍പ്പടെ യുഎസിലെ 35 നഗരങ്ങളില്‍ കടല്‍ ജലം കയറുമെന്ന് മുന്നറിയിപ്പ്

കടല്‍ ജലനിരപ്പുയരുന്നതോടെ ഭൂമിയുടെ കരഭാഗത്തില്‍ ചെറുതല്ലാത്ത ഒരു ശതമാനം വെള്ളത്തിനടിയിലാകും. ഇതോടെ ജനവാസ മേഖലകളുള്‍പ്പടെ കടലെടുത്ത് കോടിക്കണക്കിന് അഭയാർഥികളെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കടല്‍ ജലനിരപ്പിന്‍റെ അളവു കണക്കിലെടുത്ത് യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്‍റിസ്റ്റ് എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അമേരിക്കയില്‍ കടല്‍പ്പെരുപ്പത്തിന്‍റെ ഭീഷണി നേരിടുന്ന പ്രദേശങ്ങളെക്കുറിച്ചു വിശദമാക്കുന്നത്. 12 വന്‍ നഗരങ്ങളുള്‍പ്പടെ യുഎസിലെ 35 നഗരങ്ങളില്‍ കടല്‍ ജലം കയറുമെന്നാണ് മുന്നറിയിപ്പ്. ഏതാണ്ട് രണ്ടരകോടി കെട്ടിടങ്ങള്‍ വാസയോഗ്യമല്ലാതാകുകയും എന്നന്നേക്കുമായി കടലിനടിയിലാവുകയും ചെയ്യും.
പ്രശസ്തമായ മയാമി ബീച്ചും അറ്റ്ലാന്റിക് നഗരവുമൊന്നും 2100 ല്‍ യുഎസിന്‍റെ ഭാഗമായിരിക്കില്ല എന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ താപനില ഉയരുന്നത് തുടര്‍ന്നാല്‍, അത് സൃഷടിക്കുന്ന കടല്‍ ജലനിരപ്പിലെ വർധനവിന്‍റെ അളവനുസരിച്ച് മയാമിയും അറ്റ്ലാന്‍റയും ഉള്‍പ്പടെ യുഎസിലെ 12 വന്‍ നഗരങ്ങള്‍ കടലിനടിയിലാകും. എന്നാൽ കടല്‍ തീരങ്ങളോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുടെയും ചെറുകിട പട്ടണങ്ങളുടെയും കണക്കുകള്‍ എണ്ണിയാല്‍ തീരാത്തതാണ്.
2060 നും 2100 നും ഇടയ്ക്കാണ് കടലിലെ ജലനിരപ്പുയരുന്നത് രൂക്ഷമാകുകയെന്നാണ് ഈ പഠനം പറയുന്നത്. 1992ലെ കടല്‍ ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 2 മീറ്റര്‍ വരെ 2100 ആകുമ്പോഴേയ്ക്കും അമേരിക്കന്‍ തീരത്ത് വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നന്നേക്കുമായി വെള്ളത്തിനിടയിലാകുന്ന കെട്ടിടങ്ങളെയും നഗരങ്ങളെയും കൂടാതെ കടല്‍ ജലനിരപ്പുയരുന്നതു മൂലം വര്‍ഷത്തില്‍ ശരാശരി 100 ദിവസമെങ്കില്‍ കടലാക്രമണമോ വെള്ളപ്പൊക്കമോ ഉണ്ടായേക്കാവുന്ന നഗരങ്ങളുടെയും ജനവാസ മേഖലകളുടെയും പട്ടികയും ഈ റിപ്പോര്‍ട്ടിലുണ്ട്.
ഫ്ലോറിഡയിലെ 40 ശതമാനം വീടുകളും ഉത്തരത്തില്‍ വെള്ളപ്പൊക്കം മൂലം വാസയോഗ്യമല്ലാതാകും. ന്യൂജേഴ്സിയില്‍ ഏതാണ്ട് രണ്ടര ലക്ഷത്തോളം കെട്ടിടങ്ങള്‍ ഉപയോഗശൂന്യമാകും. വെള്ളത്തിനടിയിലാകുന്ന 12 നഗരങ്ങളുടെ പട്ടികില്‍ ഉള്‍പ്പെട്ടിട്ടുള്ളത് താഴെ പറയുന്നവയാണ്. മയാമി ബീച്ച് (ഫ്ലോറിഡ), ഹൊബോക്കണ്‍ ( ന്യൂ ജേഴ്സി), അറ്റ്ലാന്‍റിക് ( ന്യൂ ജേഴ്സി), കേ വെസ്റ്റ് ( ഫ്ലോറിഡ), ഗാല്‍വെസ്റ്റണ്‍( ടെക്സാസ്), ഹില്‍ട്ടണ്‍ ഹെഡ്( സൗത്ത് കാരലൈന), ലോവര്‍ കീ, മൗണ്ട് പ്ലസന്‍റ്, ചെസാ പീകെ, അപ്പര്‍ കീസ്, ബൊക്കാ സീഗ, ഓഷ്യന്‍ സിറ്റി എന്നിവയാണവ.
2015ല്‍ നാസ നടത്തിയ പഠനത്തില്‍ സമുദ്ര ജലനിരപ്പിലുണ്ടാകുന്ന മാറ്റത്തിന്റെ തോത് കൃത്ത്യമായി വിലയിരുത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണായകമായ പല കണ്ടെത്തലുകളും നാസ പുറത്തുവിട്ടിരുന്നു. ഇതില്‍ രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ശരാശരി 90 സെന്റീമീറ്റര്‍ വരെ കടല്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് കണ്ടെത്തി. മാത്രമല്ല ഭൂമിയില്‍ ബാക്കിയുള്ള എല്ലാ മഞ്ഞും ഉരുകി വെള്ളമായാല്‍ എന്ത് സംഭവിക്കും എന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും ഗവേഷകര്‍ നടത്തി.
ഇങ്ങനെയുണ്ടാകുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. ധ്രുവപ്രദേശങ്ങളിലുള്ള എല്ലാ മഞ്ഞുപാളികളും ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏതാണ്ട് 65.8 മീറ്റര്‍ ഉയരും. അതായത് 216 അടി. ഇത്രയും ഉയരത്തിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ അത് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ കാണിച്ച് ഒരു അനിമേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ മാത്രമല്ല ഹിമാലയം ഉള്‍പ്പെടെയുള്ള പര്‍വതമേഖലകളിലേയും മഞ്ഞു പാളികള്‍ ഉരുകിയശേഷമുള്ള ഭൂമിയുടെ അവസ്ഥയാണ് ആനിമേഷനില്‍ കാണിക്കുന്നത്. ഒരു വെര്‍ച്വല്‍ യാത്രയാണ് ആനിമേഷന്‍.
ഇതിനെകൂടാതെ മറ്റുപല വെളിപ്പെടുത്തലുകളും നാസ വെളിപ്പെടുത്തി. ഓസ്‌ട്രേലിയ രണ്ടായി പിളരുമെന്നും സിഡ്‌നി നഗരം കടലിനടിയിലാകുമെന്നും പഠനം പറയുന്നു. ഏഷ്യയില്‍ മുംബൈയും, കൊല്‍ക്കത്തയും മുതല്‍ ഷാങ്ഹായും, ടോക്കിയോയും വരെ കടലെടുക്കും. അമേരിക്കയിലെ വാഷിങ്ടണും, മിയാമിയും, ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെല്ലാം കടലിനടിയിലാകും. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളുടെ വലിയൊരു ഭാഗം കടല്‍ കയറും. ആഫ്രിക്കയുടെ അഞ്ചിലൊന്നു ഭാഗവും കടലെടുക്കും.
ഭൂമിയില്‍ ആകെയുള്ളത് 20.8 ക്യൂബിക് കിലോമീറ്റര്‍ മഞ്ഞുപാളികളാണ്. 5000 വര്‍ഷം വേണ്ടിവരും ഇത് ഉരുകാന്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മഞ്ഞ് അതിവേഗത്തില്‍ ഉരുകും,മാത്രമല്ല ഏതാനം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നും ഗവേഷകര്‍ പറയുന്നു.
നിലവിലെ താപനില 14.4 ഡിഗ്രി സെല്‍ഷ്യസാണ്. ഈ താപനില ഇരട്ടിയായി വര്‍ധിക്കുമ്പോള്‍ തന്നെ ഭൂമിയിലെ മിക്ക പ്രദേശങ്ങളിലേയും ജീവിതം ഏറെക്കുറെ ബുദ്ധിമുട്ടാകുമെന്നും നാസയുടെ ഗവേഷണത്തില്‍ പറയുന്നു
https://www.facebook.com/Malayalivartha


























